കഞ്ഞിപ്പശയില്‍ ഇഴപൊട്ടാതെ, ഊടും പാവും ‘നെയ്‌ത’ ജീവിതം

0
122

ഒരു കാലത്ത് നെയ്‌ത്ത് എന്ന് കേട്ടാൽ ആളുകളുടെ മനസിലോയ്‌ക്ക് ആദ്യം ഓടി വരുന്ന പേര് ചാലിയ സമുദായവും പയ്യന്നൂർ ഗ്രാമവും ആയിരുന്നു. ഇന്ന് അന്ത്യശ്വാസം വലിക്കുകയാണ് ഈ നാട്ടിലെ നെയ്‌ത്ത് പെരുമ.

സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന 1942 -43 കാലഘട്ടം. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന, ജോലിയില്ലാത്ത ഒരുപറ്റം ആളുകൾ. ഒന്നുമില്ലായ്‌മയിൽ നിന്ന് തുടങ്ങിയതാണ് കണ്ണൂർ ചാലിയ തെരുവിൻ്റെ കൈത്തറി പ്രേമം. പയ്യന്നൂർ അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രവും ചാലിയ സമുദായത്തെ കുറിച്ചും ഒന്ന് അറിഞ്ഞാലോ.

നെയ്‌ത്ത് കുലത്തൊഴിലായും ഉപജീവനമാർഗവുമായും കണ്ടിരുന്ന ഒരു ഗ്രാമം. എന്നാൽ വർഷങ്ങൾക്ക് മുൻപ് നെല്ലി ചുറ്റലിൻ്റെ സുന്ദര ശബ്‌ദം കേട്ട ഇടങ്ങളൊക്കെയും ഇന്ന് നിശ്ചലമാണ്. ഒരു കാലത്ത് നെയ്‌ത്ത് എന്ന് കേട്ടാൽ ആളുകളുടെ മനസിലേയ്‌ക്ക് ആദ്യം ഓടി വരുന്ന പേര് ചാലിയ സമുദായവും പയ്യന്നൂർ ഗ്രാമവും ആയിരുന്നു. എന്നാൽ ഇപ്പോൾ, കുലത്തൊഴിൽ അന്യം നിന്ന് പോകുമോ എന്ന ഭയത്തിലാണ് ചാലിയ സമുദായം കഴിയുന്നത്.

ചാലിയ തെരുവ് നെയ്‌ത്ത് ഗ്രാമം ആയതിങ്ങനെ

അന്ന് പ്രദേശത്തെ വലിയ സമുദായമായിരുന്നു ചാലിയ സമുദായം. തെരു അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രമെന്ന പ്രധാന ആരാധനാലയവും ചേർത്തു പിടിച്ച ചാലിയ സമുദായം കുലത്തൊഴിൽ എന്ന പോലെ നെയ്‌ത്തിനെ കൂടെ ചേർത്തു. അക്കാലത്ത് അവരുടെ ആകെയുള്ള ഉപജീവന മാർഗമായിരുന്നു അത്. ഏതാണ്ട് 52 ഓളം കുടുംബങ്ങൾ അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട് കുടിൽ വ്യവസായി നെയ്‌ത്ത് ചെയ്യുന്ന ഒരു കാലമായിരുന്നു അത്.

സ്വാതന്ത്ര്യ സമരത്തോടുള്ള അടങ്ങാത്ത അഭിനിവേശവും നാട്ടു കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്‌ടവും ചാലിയസമുദായത്ത കൈത്തറിയിൽ പിടിച്ചു നിർത്താൻ സഹായിച്ചു. അതോടെ നെയ്‌ത്ത് പതിയെ വളരാൻ തുടങ്ങി. അവരുടെ കൂട്ടത്തിൽ അല്‌പം വിദ്യാഭ്യാസം ലഭിച്ച ആളുകളും കച്ചവടത്തിൽ താല്‌പര്യമുള്ളവരും അധ്യാപകരും എല്ലാം ചേർന്ന് ക്ഷേത്ര സന്നിധിയിൽ ഒത്തു കൂടുകയും നെയ്‌ത്ത് തൊഴിലാളികൾക്ക് നൂലും കൂലിയും കൊടുത്തു.

കൂടാതെ പരസ്‌പര സഹായ കൈത്തറി സഹകരണ സംഘം എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു. 1945 ലാണ് ഇത് വിവേഴ്‌സ് സൊസൈറ്റിയായി മാറുന്നത്. അവരിൽനിന്ന് നാമ മാത്രമായി അംഗത്വ തുക സ്വീകരിക്കുകയും അതിലൂടെ മൂലധനം കണ്ടെത്തുകയും ചെയ്‌തു. ഈ സൊസൈറ്റി രജിസ്‌റ്റർ ചെയ്‌തതോടെ സർക്കാർ അനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചു തുടങ്ങി.

ചാലിയ തെരുവിൽ ഇന്ന് നൂലിഴ താളം ഇല്ല

നൂൽ നൂല്‍പ്പിൻ്റെയും നെല്ലി ചുറ്റലിൻ്റെയും നെയ്യലിൻ്റെയും ഒന്നും ശബ്‌ദ താളം ഇന്ന് തെരുവിൽ കേൾക്കാനില്ല. ഏതാണ്ട് 600 ഓളം പേർ കുലത്തൊഴിലായി കൊണ്ടു നടന്ന ഈ നെയ്ത്ത് മേഖലയിൽ ഇന്ന് ബാക്കിയുള്ളത് 10 ശതമാനം പേർ മാത്രമാണെന്ന് ബാലകൃഷ്‌ണൻ പറയുമ്പോൾ തെരുവിൽ ദൃശ്യം പകർത്താൻ പോലും ഒരു നെയ്‌ത്ത് കാഴ്‌ച ഇല്ല.

ഒരു മേഖലയുടെ പതനത്തിൻ്റെ നേർകാഴ്‌ച ഇതിലൂടെ വ്യക്തമാണ്. സ്വന്തം മക്കളെ പോലും ഈ തൊഴിൽ മേഖലയിലേക്ക് ആരും വിടുന്നില്ല. അതിൻ്റെ പ്രധാന കാരണം കൈത്തറി തുടങ്ങിയ കാലത്തും ഇന്നും കൈത്തറി തൊഴിലിൻ്റെ വേദനം കുറവ് എന്നുള്ളത് ആണെന്ന് ബാലകൃഷ്‌ണൻ സാക്ഷ്യപ്പെടുത്തുന്നു. പിടിച്ചു നിൽക്കുന്നത് സർക്കാർ യൂണിഫോമിലാണ്. കൈത്തറി മേഖല ഒന്നാകെ അവസാന ശ്വാസം വലിക്കുകയാണ്.

സത്യം പറഞ്ഞാൽ കണ്ണൂർ ജില്ലയിൽ മാത്രമാണ് കൈത്തറി കുറച്ചെങ്കിലും നിലനിൽക്കുന്നത് എന്ന അഭിപ്രായക്കാരനാണ് താനെന്ന് ബാലകൃഷ്‌ണൻ. സർക്കാർ സഹായം കൊണ്ട് മാത്രമാണ് ഇന്ന് കൈത്തറി മേഖല പിടിച്ചുനിൽക്കുന്നത്. സ്‌കൂൾ യൂണിഫോം പദ്ധതി തുടങ്ങിയതുകൊണ്ട് കുറച്ചെങ്കിലും പിടിച്ചു നിൽക്കുന്നു. സർക്കാർ നൂൽ തരുന്നത് കൂടി നിർത്തലാക്കി എങ്കിൽ ഇത് പൂർണമായും അടച്ചു പൂട്ടേണ്ടി വന്നേനെ എന്നാണ് ബാലകൃഷ്‌ണൻ്റെ ഭാഷ്യം.

ഇറക്കുമതി വസ്ത്രങ്ങളും അന്യസംസ്ഥാന വസ്ത്രങ്ങളും വിപണി കീഴടക്കുമ്പോൾ

ഒരു ദിവസം അഞ്ചു മീറ്റർ നെയ്തെടുക്കുക എന്നതായിരുന്നു പഴയകാലത്തെ തൊഴിലാളികളുടെ നെയ്ത്തു സ്വപ്‌നങ്ങളിൽ ഒന്ന്. എന്നാൽ ഇന്ന് മൂന്നു മീറ്റർ പോലും ചെയ്യാൻ പറ്റുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വില കുറഞ്ഞ വസ്ത്രങ്ങളൊക്കെയും കൈത്തറി മേഖലയെ വലിയ രീതിയിലാണ് ബാധിക്കുന്നത്.

000 മുതൽ 2500 വരെ നെയ്തെടുക്കുന്ന സാരികൾക്ക് വില ഈടാക്കേണ്ടി വരുമ്പോൾ ആയിരം രൂപ മുതൽ 1200 രൂപ വരെ അന്യസംസ്ഥാന സാരികൾക്ക് വിലയിടാക്കുന്നു. എല്ലാ ആവശ്യക്കാരും ആയിരത്തിൻ്റെ പിറകെയാണ് പോകുന്നത് എന്ന് ബാലകൃഷ്‌ണൻ പറയുന്നു.

യഥാർഥത്തിൽ നിലവിലെ സാഹചര്യത്തിൽ ക്വാളിറ്റി പോലും ആവശ്യക്കാർക്ക് ആവശ്യമില്ലാത്ത കാലമാണ്. ഒരു വസ്ത്രം തന്നെ ഒന്നോ രണ്ടോ തവണ മാത്രമാണ് ആളുകൾ ധരിക്കുന്നത്. പിന്നെ എന്തിനാണ് കൈത്തറി എന്ന് സ്വയം ചോദിക്കുന്ന അവസ്ഥയിലേക്ക് കാലം മാറി. നെയ്‌ത്തിലൂടെ ജീവിതത്തിന്‍റെ ഊടുംപാവും നെയ്‌ത നാട് ഇന്ന് ഇല്ലാതാവുകയാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here