ന്യൂഡൽഹി: റെസ്റ്റോറൻ്റുകളിലെ മെനുകളിൽ അമിതമായ ഉപ്പ് ഉപയോഗത്തെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പ് ലേബലുകൾ ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ. യുകെയിലെ ലിവർപൂൾ സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനത്തിൻ്റെ കണ്ടെത്തലുകൾ
ഗവേഷകർ ഒരു റെസ്റ്റോറൻ്റിൽ നടത്തിയ പഠനത്തിൽ, ഉപ്പിൻ്റെ മുന്നറിയിപ്പുള്ള മെനുകാർഡ് ലഭിച്ചവർ ഉപ്പ് കുറഞ്ഞ ഭക്ഷണം ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉപ്പിൻ്റെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്കും വൃക്കരോഗങ്ങൾക്കും കാരണമാകും. ഉയർന്ന തോതിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ മുന്നറിയിപ്പ് ലേബലുകൾക്ക് സാധിച്ചുവെന്ന് പഠനം പറയുന്നു.
ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഉപ്പിൻ്റെ അളവിനെക്കുറിച്ച് കൂടുതൽ അവബോധം നൽകാനും മുന്നറിയിപ്പ് ലേബലുകൾ സഹായിക്കുന്നതായി പഠനം തെളിയിക്കുന്നു. “മെനുവിൽ നൽകിയിരിക്കുന്ന ഉപ്പ് മുന്നറിയിപ്പ് ലേബലുകൾ ജനങ്ങളെ ബോധവാന്മാരാക്കാൻ സഹായിക്കുമെന്ന് ഞങ്ങളുടെ പഠനം കണ്ടെത്തി,” സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ഗവേഷണാന്തര പഠനം നടത്തുന്ന ഡോ. റെബേക്ക ഇവാൻസ് പറഞ്ഞു.
ജീവിതശൈലി രോഗങ്ങളുണ്ടാകാനുള്ള പ്രധാന കാരണം ഭക്ഷണത്തിൽ അമിതമായ ഉപ്പ് ഉൾപ്പെടുത്തുന്നതിനാലാണ്. ഇത്തരത്തിലുള്ള പഠനങ്ങളും അവയുടെ ഫലങ്ങളും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും,” ഡോ. റെബേക്ക ഇവാൻസ് കൂട്ടിച്ചേർത്തു. പ്രതിദിനം അഞ്ച് ഗ്രാമിൽ താഴെ ഉപ്പ് (ഏകദേശം ഒരു ടീസ്‌പൂണിൽ താഴെ) മാത്രമെ ശുപാർശ ചെയ്യുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.
ഓരോ വർഷവും 1.89 ദശലക്ഷം പേർ അമിതമായ ഉപ്പ് ഉപയോഗിക്കുന്നതിനാൽ മരണമടയുന്നു എന്ന് പഠനം പറയുന്നു. റെസ്റ്റോറൻ്റുകളിൽ നിന്നുള്ള ഭക്ഷണങ്ങളിൽ ഉപ്പിൻ്റെ അളവ് വളരെ കൂടുതലായി കാണുന്നു. ഇത് പരിഹരിക്കാനുള്ള വഴികൾ പരിമിതമാണ്. ഭക്ഷണത്തിലെ അമിതമായ ഉപ്പിൻ്റെ അളവ് രക്തത്തിലെ സോഡിയം വർധിപ്പിക്കുന്നു. ഇത് രക്തസമ്മർദം (ഹൈപ്പർടെൻഷൻ) വർധിപ്പിക്കുകയും പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
രണ്ട് പരീക്ഷണങ്ങളിലും, പ്രായം, ലിംഗഭേദം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുക്കാതെ മുന്നറിയിപ്പ് ലേബലുകൾ ഒരുപോലെ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇത്തരം പരീക്ഷണങ്ങൾ ജനങ്ങൾക്ക് സഹായകരമാകും. അതിനാൽ ആരോഗ്യ മേഖലയിലെ അസമത്വങ്ങളെ കുറയ്ക്കാനും ഇത്തരം പരീക്ഷണങ്ങൾ കാരണമാകുന്നു എന്ന് ഡോ. റെബേക്ക ഇവാൻസ് കൂട്ടിച്ചേർത്തു.







