തിരുവനന്തപുരം: എല്ലാ വർഷത്തെയും പോലെ ഇക്കൊല്ലവും ഓണം ഇങ്ങെത്താറായി. ഓണക്കോടി മുതൽ പൂക്കളവും സദ്യ വട്ടങ്ങളും ഇപ്പോഴേ ചിന്താ വിഷയമായി മാറിയിരിക്കുകയാണ് മലയാളി മനസിൽ. ഓണക്കാല തയ്യാറെടുപ്പിനോടൊപ്പം ഒരു പുത്തൻ ഓണസന്ദേശവുമായി സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ‘ഹരിത ഓണം’ എന്നാണ് ഇത്തവണത്തെ സന്ദേശം. അതായത്, പരിസ്ഥിതിയെ ചേര്‍ത്തുപിടിച്ച് മലയാളിത്തനിമ വിളിച്ചോതുന്ന ഉത്സവമായ ഓണം ആഘോഷിക്കണെമന്നാണ് ഓരോ മലയാളിക്കും നല്‍കുന്ന സന്ദേശം.
ഓണക്കാലം ആഘോഷങ്ങളോടൊപ്പം മാലിന്യം പെരുകുന്നതിനും ഏറെ സാധ്യതയുള്ള ഒരു സമയം കൂടിയാണ്. അതിനാൽത്തന്നെ ഈ ഓണക്കാലം ശുചിത്വം നിറഞ്ഞതും പ്ലാസ്‌റ്റിക് മുക്തവുമാകണം എന്നാണ് സർക്കാരിൻ്റെ സന്ദേശം. ഇതിൻ്റെ ഭാഗമായി നമ്മുടെ മുന്നിലേക്കും സമൂഹ മാധ്യമങ്ങളിലും എത്തുന്നത് ‘വൃത്തിയുടെ ചക്രവര്‍ത്തി’യെന്ന ടാഗ് ലൈനുള്ള മാവേലി ആയിരിക്കും. ഈ ആശയം വരും തലമുറകൾക്കും മാതൃകാപരമാകും എന്ന പ്രത്യാശയാണ് സർക്കാരിന് ഉള്ളത്. എല്ലാ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തിനായും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കൂടാതെ അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന ഓണപ്പരിപാടികളിൽ എൻ്റെ വീട് മാലിന്യമുക്തം, ഹരിതവീട് എന്നീ വിഷയങ്ങളിൽ റീൽസ് മത്സരവും നടത്തും. കുട്ടികൾക്കുള്ള പ്രസംഗം, രചനാ മത്സരങ്ങളിൽ വൃത്തി വിഷയമാക്കാനും നിർദേശമുണ്ട്. ശുചിത്വത്തിൻ്റെ ഭാഗമായി ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിൽ ഹരിതകർകമ്മസേന വീടുകളിൽ എത്തി മാലിന്യങ്ങൾ ശേഖരിക്കും. ഉത്പാദിപ്പിക്കപ്പെടുന്ന വലിയ അളവിലുള്ള ജൈവ മാലിന്യങ്ങൾ കണക്കിലെടുത്ത് ഓരോ തദ്ദേശ സ്ഥാപനത്തിനും കീഴിൽ താൽക്കാലിക പൊതു കമ്പോസ്റ്റിംഗ് ക്രമീകരണങ്ങൾ നടത്തും.
ഇത്തവണത്തെ സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബർ മൂന്നു മുതൽ ഒൻപതുവരെ നടത്തുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒൻപതോടെ ഓണാഘോഷം ഘോഷയാത്രയൊടുകൂടി തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡി.ഡി.പി.സിയുടെ നോതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതാണ്.
പരിപാടി വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. മുൻവർഷത്തേതിലും വ്യത്യസ്‌തമായി ‘ഹരിത ഓണം’ എന്ന ആശയമാണ് മുൻപോട്ടുവച്ചിരിക്കുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് മെച്ചപ്പെട്ട രീതിയിൽ പരിപാടി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും.
ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും. സാംസ്‌കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന കൾച്ചറൽ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും എന്നും അറിയിച്ചിട്ടുണ്ട്.
ഹരിത ഓണം ഇങ്ങനെ…
- ഓണക്കാലത്ത് ആളുകൾ കൂടുന്നിടത്തും വ്യപാര സ്ഥാപനങ്ങളിലും വെയിസ്‌റ്റ് ബിന്നുകൾ സ്ഥാപിക്കും.
- പൂക്കളങ്ങളിൽ പ്ലാസ്‌റ്റിക് പൂക്കൾ അനുവദിക്കില്ല. ഇത് ഓഫിസുകൾക്കും ബാധകമാണ്.
- സദ്യയ്ക്ക് പ്ലാസ്റ്റിക്കിലുള്ള കപ്പ്, പാത്രം, ഇല, സ്‌പൂണ്‍ എന്നിവക്ക് വിലക്ക്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും തടയും.
- വഴിയോരക്കച്ചവടക്കാര്‍ വഴിയുണ്ടാകുന്ന മാലിന്യം നീക്കാനുള്ള ചെലവ് വ്യാപാരികള്‍ വഹിക്കണം.
- മാലിന്യരഹിത ഓണം മികച്ചരീതിയില്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍, ക്ലബ്ബുകൾ, അസോസിയേഷനുകൾ എന്നിവക്ക് തദ്ദേശസ്ഥാപനങ്ങളുടെ പുരസ്‌കാരം. മികച്ച തദ്ദേശസ്ഥാപനത്തിന് ജില്ലാതല പുരസ്‌കാരം.
- വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നീക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും.
- ഓണത്തിന് വഴിയോരക്കച്ചവടക്കാര്‍ക്കു താത്കാലിക ലൈസന്‍സ്.








