സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര പുറത്തിറക്കിയ ഥാർ വലിയ ആവേശമാണ് വാഹനപ്രേമികളിലുണ്ടാക്കിയത്. അടിമുടി മാറിയെത്തിയ ഥാർ സൂപ്പറാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് നടൻ പൃഥ്വി. ടെസ്റ്റ് ഡ്രൈവ് ചെയ്തുവെന്നും ഫീൽഗുഡ് വണ്ടിയാണെന്നും പൃഥ്വി ട്വീറ്റ് ചെയ്തു. ഡിസൈനിനെ കുറിച്ച് വാദപ്രതിവാദമുണ്ടെങ്കിലും വണ്ടി കിടിലമാണെന്നാണ് താരം പറയുന്നത്.
“മഹീന്ദ്രയുടെ പുതിയ ഥാർ ടെസ്റ്റ് ഡ്രൈവ് ചെയ്തു. ഡിസൈനിന്റെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഓടിക്കാൻ സുഖമുള്ള വണ്ടിയാണെന്നത് ആർക്കും നിഷേധിക്കാനാവില്ല. ഥാറിന്റെ വിലയും അങ്ങനെ തന്നെയാവുമെന്ന് കരുതുന്നു. ഇത് പെയ്ഡ് പോസ്റ്റല്ല.” – ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് പൃഥ്വി കുറിച്ചു.
Got to drive the new #MahindraThar The design might still be up for debate but there is no denying the fact that it’s one hell of a product with sky high scores on the “feel-good” meter. Hope they price it right @anandmahindra PS: No. This is not a paid endorsement!
— Prithviraj Sukumaran (@PrithviOfficial) August 18, 2020
മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. എന്നാൽ പുതിയ ഥാറിൽ വ്യത്യസ്ത എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ് യു വി വിൽപ്പനയ്ക്കുണ്ടാവും. 152 ബിഎച്ച്പി കരുത്തുള്ള മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ 2 ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു ഥാറിൽ. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും.
ഥാറിന്റെ ഡീസൽ വകഭേദങ്ങൾക്കു കരുത്തേകുക 2.2 ലീറ്റർ, 132 ബി എച്ച് പി, എം ഹോക്ക് എൻജിനും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഈ എൻജിനു കൂട്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഐസിനിൽ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാക്കും. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ ഥാർ വിൽപനയ്ക്കുണ്ടാവും.