ഭുവനേശ്വര്‍: പാര്‍ലമെന്റ് പുതുതായി പാസ്സാക്കിയ കാര്‍ഷിക ബില്ലിനെതിരേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഒഡീഷയില്‍ ഹൈവേ തടയല്‍ സമരം. നവ്‌നിര്‍മാണ്‍ കര്‍ഷക് സംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് ഞങ്ങളുടെ പോരാട്ടം. വിളനാശത്തിന് അനുവദിക്കുന്ന തുകയില്‍ വര്‍ധന, ആശ്വാസനടപടികളില്‍ കൂടുതലായി അനുവദിക്കല്‍, പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയവയുമാിയ ബന്ധപ്പെട്ട ദുരിതങ്ങളില്‍ കൂടുതല്‍ സഹായം എന്നിവയാണ് ആവശ്യമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന നവ് നിര്‍മാണ്‍ കര്‍ഷക് സംഘടന നേതാവ് അക്ഷയ് കുമാര്‍ പറഞ്ഞു.
വഴി തടഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ബലം പ്രയോഗിച്ചു.നിരവധി കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി കര്‍ഷക ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഒറീസയില്‍ റോഡ് തടയല്‍ സമരം നടന്നത്. ഇന്ന് പഞ്ചാബിലും വിവിധ ഇടങ്ങൡ റോഡ് തടയല്‍ സമരം നടന്നിരുന്നു.
കഴിഞ്ഞ സപ്തംബറിലാണ് കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റ് നിയമമാക്കിയത്. താങ്ങുവില നിയമത്തെയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണന സമിതികളെയും തകര്‍ക്കുന്ന കാര്‍ഷിക പരിഷ്‌കാരം കര്‍ഷകരെ രോഷം കൊള്ളിച്ചിട്ടുണ്ട്.