ബഹ്റൈനിൽ എത്തുന്ന യാത്രക്കാർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറൻറൈൻ എന്ന നിബന്ധന ഒഴിവാക്കുവാൻ ദേശീയ ആരോഗ്യ കർമസമിതി തീരുമാനിച്ചു. രാജ്യത്ത് എത്തിയ ശേഷമുള്ള പത്ത് ദിവസം യാത്രക്കാർ ഇനി മുതൽ വീട്ടു നിരീക്ഷണത്തിൽ കഴിയേണ്ടതില്ല.
എന്നാൽ, എയർപോർട്ടിൽ വെച്ച് നടത്തുന്ന പി.സി.ആർ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയാൽ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന മാറ്റമില്ലാതെ തുടരും. മുപ്പത് ബഹ്റൈൻ ദിനാർ വീതം വരുന്ന രണ്ട് ടെസ്റ്റുകളുടെയും ചെലവ് യാത്രക്കാർ സ്വയം വഹിക്കണം. അതേസമയം, വിസിറ്റ് വിസയിൽ വന്ന് പത്ത് ദിവസത്തിനകം തിരിച്ച് പോകുന്നവർക്ക് രണ്ടാമത്തെ ടെസ്റ്റ് വേണ്ടി വരില്ല.
രാജ്യത്ത് എത്തുന്ന യാത്രക്കാരിൽ 10 ദിവസത്തെ വീട്ടു നിരീക്ഷണത്തിൽ കഴിഞ്ഞവരിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോം ക്വാറൻറൈൻ ഒഴിവാക്കാനുള്ള തീരുമാനം.