കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്ട്രോൾ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവയും കൊളസ്ട്രോൾ കൂടാനുള്ള കാരണമാണ്. ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ രക്തധമനികളിൽ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയാഘാതം അടക്കമുളള പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. സ്ത്രീകളിൽ പലപ്പോഴും കൊളസ്ട്രോൾ കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന എന്നത് വിഷയത്തെ ഗുരുതരമാക്കുന്നു.
കൺപോളകളിൽ ചെറുതും മൃദലവും മഞ്ഞനിറമുള്ളതുമായ മുഴകളുണ്ടെങ്കിൽ ശ്രദ്ധവേണം. സാന്തലാസ്മ(Xanthelasma) എന്നാണ് ഇവയെ പറയുക. ചർമത്തിന് താഴെ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണിത്. പലപ്പോഴും വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്ന ഈ വിഷയം ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലാണെന്നും ഹൃദയത്തിന്റെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റേയും സൂചനയാണ്. പലപ്പോഴും, സൗന്ദര്യപരമായ ഒരു പ്രശ്നം മാത്രമാണ് ഇതെന്ന് പല സ്ത്രീകളും കരുതുന്നു.നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് കൊളസ്ട്രോൾ ധമനികളെ ബാധിച്ചത് മൂലമാകാം. രക്തത്തിന്റേയും ഓക്സിജന്റേയും ഒഴുക്ക് കുറയുന്നത് നിങ്ങളെ വല്ലാതെ ക്ഷീണതരാക്കും. എന്നാൽ, തിരക്ക് നിറഞ്ഞ സമയക്രമോ സമ്മർദമോ ആയിരിക്കാം ഈ ക്ഷീണത്തിന്റെ കാര്യമെന്ന് പലരും കരുതുന്നു.പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം. ഇത് ധമനികൾ ചുരുങ്ങിയതിനാൽ ഹൃദയത്തിന്റെ ആരോഗ്യം പ്രശ്നത്തിലാണെന്ന് വ്യക്തമാക്കുന്നു. പലപ്പോഴും ഉത്കണ്ഠയോ ശാരീരികക്ഷമത കുറവോ ആണെന്ന് സ്ത്രീകൾ തെറ്റിദ്ധരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യും. ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നെങ്കിൽ ശ്രദ്ധവേണം. കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തയോട്ടത്തിലുണ്ടാകുന്ന കുറവാകാം ഇതിന് കാരണം. കണ്ണുകൾക്ക് ചുറ്റുമുള്ള മുഴകൾ കൂടാതെ, കൈകൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ കാണുന്ന മഞ്ഞനിറത്തിലുള്ള പാടുകൾ കൊളസ്ട്രോളിൻ്റെ സൂചനയാകാം.താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദനയുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രത്യേകിച്ച്, നെഞ്ചിലെ അസ്വസ്ഥയും ഇതിനോടപ്പമുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. പേശിവേദനയായോ ദഹനപ്രശ്നമായോ ഇത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്.