പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദില്‍ പെട്രോൾ, ഡീസൽ ഫില്ലിംഗ് സ്റ്റേഷനുകൾ അടുത്ത 48 മണിക്കൂർ നേരത്തേക്ക് പൂർണമായും അടച്ചിടാൻ നിർദേശം. ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി അഡ്മിനിസ്ട്രേഷനാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ കടുത്ത നടപടിക്കുള്ള കാരണം ഔദ്യോഗിക അറിയിപ്പിൽ പരാമർശിച്ചിട്ടില്ല. ഇസ്ലാമാബാദിലെ എല്ലാ പെട്രോൾ പമ്പുകളും പെട്ടെന്ന് അടച്ചിടാനുള്ള ഒരു കാരണം ഇന്ധന വിതരണത്തെക്കുറിച്ചുള്ള ആശങ്കയായിരിക്കാം എന്ന് വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.
ഉത്തരവ് പ്രകാരം അടുത്ത 48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇസ്ലാമാബാദിലെ വാണിജ്യ പ്രവർത്തനങ്ങൾക്കും ഇന്ധനം ലഭിക്കില്ല. ഇന്ധനത്തിന്റെ പെട്ടെന്നുള്ള ലഭ്യതക്കുറവ് ഗതാഗതത്തെയും ജനറേറ്ററുകളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഇസ്ലാമാബാദിലെ മൊത്തത്തിലുള്ള ചലനാത്മകതയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള കരുതൽ ശേഖരം കൈകാര്യം ചെയ്യാനും ഇന്ധനലഭ്യതയെ കുറിച്ചുള്ള പരിഭ്രാന്തി ഇല്ലാതാക്കാനും പൂഴ്ത്തിവയ്പ്പ് തടയാനും ലക്ഷ്യമിട്ടാണ് പെട്രോൾ പമ്പുകൾ അടച്ചുപൂട്ടിയതെന്നാണ് ഒരു വാദം. കൂടുതൽ നിയന്ത്രിതമായ രീതിയിലായിരിക്കും വിതരണം പുനസ്ഥാപിക്കുകയെന്നും റിപ്പോർട്ടുണ്ട്.