ഹൈദരാബാദ്: കോണ്‍ഗ്രസിൽ നിന്ന് ഒരു നേതാവ് കൂടി രാജിവെച്ചു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാനാണ് കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചത്. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി. രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ നടത്തിയിരിക്കുന്നത്.
രാഹുൽ വൈസ് പ്രസിഡന്റായതിന് ശേഷം കോൺഗ്രസ് താഴേക്ക് പോയെന്നും പാർട്ടിയുടെ പതനത്തിന് കാരണം രാഹുൽ ഗാന്ധിയാണെന്നും ഖാൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്തിയ മുതിർന്ന നേതാക്കളെല്ലാം പിന്മാറിയെന്നും രാഹുൽ ഗാന്ധിയ്ക്ക് മുതിർന്ന് നേതാക്കളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലെന്നും ഖാൻ വിമർശിച്ചു.
കഴിഞ്ഞദിവസം മുതിർന്ന് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. സംഘടനയിൽ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളിൽ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തൻെറ രാജിക്കത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുലിൻെറ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പോലും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.