വിനയുടെ ജീവൻ ഭീകരർ കവർന്നു; ഹിമൻഷി തനിച്ച്….

0
47

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ വേദനയിലാണ് രാജ്യം. കളിചിരിയും സന്തോഷവുമായി അവധിക്കാലം ആഘോഷിക്കാൻ പോയ മനുഷ്യരോടെ ജീവിതത്തിലേക്കാണ് ദുരന്തം വന്നുഭവിച്ചത്. ഭീകരാക്രമണത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്ത ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജീവനറ്റ് കിടക്കുന്ന ഭർത്താവിന് അരികിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട് പൊട്ടിക്കരയാൻ പോലുമാവാതെ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം നോവായി ശേഷിക്കുകയാണ്. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാനായ സ്വദേശിയായ നാവിക സേന ഉദ്യോ​ഗസ്ഥൻ വിനയ് നർവലാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 26 വയസ്സുമാത്രമായിരുന്നു വിനയ് നിർവാലിന്റെ പ്രായം.

ഒരുപാട് സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടന്നതായിരുന്നു വിനയും ഭാര്യ ഹാമിൻഷിയും. മധുവിധു ആഘോഷിക്കാനായിരുന്നു വിനയും ഭാര്യയും കശ്മീരിലെത്തിയത്. കളിചിരിയും സന്തോഷവും നിറഞ്ഞദിവസങ്ങൾ, എന്നാൽ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.

വിവാഹത്തോട് അനുബന്ധിച്ച് അവധിയിലായിരുന്നു വിനയ്. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം നാളാണ് ഈ ദുരന്തം സംഭവിക്കുന്നത്. താലിചാർത്തിയ പ്രിയതമൻ ഭീകരുടെ തോക്കിൻമുനയിൽ പിടഞ്ഞുവീഴുന്ന നശിച്ച നിമിഷത്തിന് ഹിമൻഷിക്ക് സാക്ഷിയാവേണ്ടി വന്നു. രണ്ട് വർഷം മുൻപാണ് വിനയ് നാവിക സേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിം​ഗ് കൊച്ചിയിൽ ആയിരുന്നു. ജോലി കിട്ടിയതിന് പിന്നാലെയായിരുന്നു വിവാഹം തീരുമാനിച്ചത്. വിനയിയെക്കുറിച്ച് പറയാൻ എല്ലാവർക്കും നല്ല വാക്കുകൾ മാത്രം. പുതിയ ജീവിതത്തിലേക്ക് കടന്ന് ദിവസങ്ങൾക്കുള്ളിൽ വിനയ്ക്ക് വന്നുചേർന്ന ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ആരും മുക്തമായിട്ടില്ല.

വിവാഹിതമായി ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഭാര്യയുടെ സഹോദരിക്കും ഒപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹൽ​ഗാമിലെ ഭക്ഷണശാലയ്ക്ക് സമീപമായിരുന്നു ഭീകരാക്രമണം. ശുഭത്തിന്റെ തലയിലാണ് വെടിയേറ്റത് എന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ സൗരഭ് ദ്വിവേദി പറയുന്നു. ശുഭത്തിനെ വെടിവെച്ചിട്ടതോടെ എന്നെയും കൊല്ലൂ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തത് എന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് പറഞ്ഞതായാണ് വിവരം.

അതേ സമയം പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലുണ്ട്. പഹ​ൽ ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here