മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും. 2024 മാര്‍ച്ചില്‍ വീണാ വിജയനെതിരെ ഇഡി ECIR രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. അതിനാല്‍ തന്നെ ഇ ഡിക്ക് ഇനി വിഷയത്തില്‍ ഒരു ECIR രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. തുടര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ മതി.കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇ ഡി തേടിയെന്ന മറ്റൊരു വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. കള്ളപ്പണം വെളിപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതിനാല്‍ കൃത്യമായ രേഖകളും മറ്റും ഹാജരാകേണ്ടി വരും. ഒരു മാസത്തിനകം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, എക്‌സാലോജിക് – സിഎംആര്‍എല്‍ മാസപ്പടിക്കേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹര്‍ജികളില്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഒയ്ക്കും കേന്ദ്രകമ്പനി കാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പായി മറുപടി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് ഹാജരാക്കും.
ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവിശ്യം. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്‍കിയ ഹര്‍ജിയിലും ഇന്ന് വാദം കേള്‍ക്കും.