ജയവുമായി ഇന്ത്യ തങ്ങളുടെ ഹോക്കി ലോകകപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

0
64

റൂർക്കേലയിലെ ബിർസ മുണ്ട സ്‌റ്റേഡിയത്തിൽ സ്പെയിനിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ തങ്ങളുടെ ഹോക്കി ലോകകപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. അമിത് രോഹിദാസിന്റെയും ഹാർദിക് സിംഗിന്റെയും ഗോളുകളുടെ ബലത്തിലാണ് ഇന്ത്യ ആദ്യ ജയം നേടിയത്. 21,000 പേരെ ഉൾക്കൊള്ളുന്ന അത്യാധുനിക സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു മത്സരം നടന്നത്.

ആദ്യ പാദത്തിൽ പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്ത്യ മെല്ലെ താളം കണ്ടെത്തുകയായിരുന്നു. പന്തടക്കത്തിൽ ഇന്ത്യ പുലർത്തിയ ആധിപത്യം പരിശീലകൻ ഗ്രഹാം റീഡിന് ആത്മവിശ്വാസം നൽകും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെയിൽസിനെതിരെ 5-0ന് ഇംഗ്ലണ്ട് വമ്പൻ ജയം നേടിയതോടെ പൂൾ ഡിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

മത്സരത്തിൽ മികച്ച താരമായി പ്രഖ്യാപിക്കപ്പെട്ട അമിത് രോഹിദാസ്, പെനാൽറ്റി കോർണറിൽ നിന്ന് പിടിച്ചെടുത്ത പന്ത് വലത് മൂലയിലേക്ക് തട്ടിയപ്പോൾ റൂർക്കേലയിലെ കാണികൾ ആർത്തിരമ്പി. ഈ ഗോളാണ് ഇന്ത്യയ്ക്ക് ആഗ്രഹിച്ച തുടക്കം നൽകിയത്. ഹോക്കി ലോകകപ്പിലെ ഇന്ത്യയുടെ 200-ാം ഗോൾ കൂടിയായിരുന്നു ഇത്.

indian hockey
ആദ്യ പാദത്തിൽ കൂടുതൽ മുന്നേറാനുള്ള അവസരങ്ങൾ ഇന്ത്യയ്ക്ക് മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം പാദത്തിൽ ഹാർദിക് സിംഗിന്റെ തകർപ്പൻ നീക്കം ടീമിന് 2-0ന്റെ ലീഡ് നൽകി. ഇടത് വശത്ത് നിന്ന് നടത്തിയ മികച്ച നീക്കത്തിലൂടെ ഹാർദിക് സിംഗ് ഇന്ത്യയുടെ ലീഡുയർത്തിയതോടെ മത്സരത്തിന്റെ ഭാവി നിർണയിക്കപ്പെട്ടു. ഞായറാഴ്‌ച റൂർക്കേലയിൽ നടക്കുന്ന പൂൾ ഡി മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here