ടോസ് നഷ്ടമായ ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയെ അഞ്ചു വിക്കറ്റിനു 205 റണ്‍സെന്ന കൂറ്റന്‍ ടോട്ടിലെത്തിച്ചത് നായകന്‍ രോഹിത് ശര്‍മയുടെ ഇടിവെട്ട് ഇന്നിങ്‌സിലാണ്. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. വെറും 41 ബോളില്‍ ഹിറ്റ്മാന്‍ വാരിക്കൂട്ടിയത് 92 റണ്‍സാണ്. എട്ടു കൂറ്റന്‍ സിക്‌സറുകളും ഏഴു ഫോറുകളുമുള്‍പ്പെടെയാണിത്.
16 ബോളില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 16 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശിവം ദുബെ 22 ബോളില്‍ 28 (2 ഫോര്‍, 1 സിക്‌സര്‍), ഹാര്‍ദിക് പാണ്ഡ്യ 17 ബോളില്‍ 27 (1 ഫോര്‍, 2 സിക്‌സര്‍), റിഷഭ് പന്ത് 14 ബോളില്‍ 15 (1 ഫോര്‍, 1 സിക്‌സര്‍) എന്നിവരാണ് ഭേദപ്പട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. വിരാട് കോലി (0) ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ദുരന്തമായി തീര്‍ന്നു. ഞെട്ടലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ കോലിയെ ഇന്ത്യക്കു നഷ്ടമായിരുന്നു.
ജോഷ് ഹേസല്‍വുഡിന്റെ ഷോര്‍ട്ട് ബോളില്‍ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ കോലിയെ മിഡ് ഓണ്‍ ഏരിയയില്‍ ടിം ഡേവിഡ് മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ ആറു റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ പ്രതിരോധത്തിലേക്കു പോവുന്നതിനു പകരം കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച രോഹിത് ഓസീസ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. കോലി മടങ്ങി അടുത്ത ഓവറില്‍ തന്നെ മിച്ചെല്‍ സ്റ്റാര്‍ക്കിനെ രോഹിത് പഞ്ഞിക്കിട്ടു. അദ്ദേഹമെറിഞ്ഞ മൂന്നാം ഓവറില്‍ 29 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. തുടര്‍ന്നും ഓസീസ് ബൗളര്‍മാര്‍ക്കുമേല്‍ അദ്ദേഹം ആക്രമണമഴിച്ചുവിട്ടു.
പാറ്റ് കമ്മിന്‍സെറിഞ്ഞ അഞ്ചാം ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ നേടിത്. ഈ ഓവറില്‍ രോഹിത് ഫിഫ്റ്റിയും തികച്ചു. 19 ബോളില്‍ നിന്നായിരുന്നു ഇത്. റിഷഭ് പന്തിനെ ക്രീസിന്റെ മറുഭാഗത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു രോഹിത്തിന്റെ കടന്നാക്രമണം. രണ്ടാം വിക്കറ്റില്‍ ഈ ജോടി 87 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇതില്‍ ഭൂരിഭാഗം റണ്‍സും രോഹിത്തിന്റെ ബാറ്റില്‍ നിന്നായിരുന്നു. എട്ടാം ഓവറിള്‍ റിഷഭിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി. ഒമ്പതാം ഓവറില്‍ തന്നെ ടീം ടോട്ടല്‍ 100 കടന്നിരുന്നു.
സെഞ്ച്വറിയിലേക്കു കുതിച്ച രോഹിത് 12ാം ഓവറിലാണ് പുറത്തായത്. 92ല്‍ നില്‍ക്കെ സ്റ്റാര്‍ക്കിന്റെ കിടിലനൊരു യോര്‍ക്കറില്‍ അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. 11 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 127 റണ്‍സുണ്ടായിരുന്നു. തൊട്ടടുത്ത ഓവറില്‍ രോഹിത് മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോറിങിനു വേഗം കുറഞ്ഞു. അടുത്ത ഒമ്പതോവറില്‍ 78 റണ്‍സ് മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ. അല്ലായിരുന്നെങ്കില്‍ 230-240 റണ്‍സെങ്കിലും ഇന്ത്യക്കു അടിച്ചെടുക്കാമായിരുന്നു.
206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസീസിന് ഇന്ത്യ നല്‍കിയത്. ട്രാവിസ് ഹെഡ് (76) ഒരിക്കല്‍ക്കൂടി വിറപ്പിച്ചെങ്കിലും ഓസീസിനു ഏഴു വിക്കറ്റിനു 181 റണ്‍സെടുക്കാനേ ആയുള്ളൂ. 43 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ക്യാപ്റ്റന്‍ മിച്ചെല്‍ മാര്‍ഷ് (37), ഗ്ലെന്‍ മാക്‌സ്വെല്‍ (20), ടിം ഡേവിഡ് (15), പാറ്റ് കമ്മിന്‍സ് (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകളെടുത്ത അര്‍ഷദീപ് സിങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകളെടുത്തു.