കേരളത്തോട് വിവേചനംകാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണെന്നും ധനമന്ത്രി

0
42
ന്യൂഡല്‍ഹി: 2014 മുതല്‍ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ മറ്റാരും കേരളത്തെ പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യസഭയിൽ‌ ധനബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തോട് വിവേചനംകാണിക്കുന്നുവെന്ന സ്ഥിരം പല്ലവി വേദനിപ്പിക്കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.

യുപിഎ കാലത്തെക്കാള്‍ 239 ശതമാനം കൂടുതലാണ് മോദിസര്‍ക്കാര്‍കാലത്ത് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 46,300 കോടിയാണ് 2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലത്ത് കേരളത്തിന് കിട്ടിയത്. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ളതെല്ലാം നല്‍കി. ഗ്രാന്റുകള്‍ 509 ശതമാനം കൂട്ടി. യുപിഎ കാലത്ത് 25,630 കോടിയാണ് ലഭിച്ചത്.

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ നല്‍കാതെ കോവിഡിനുശേഷം സാമ്പത്തികമായി സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം 50 കൊല്ലത്തേക്ക് പലിശയില്ലാത്ത വായ്പയായി കേരളത്തിന് 2715 കോടി സഹായം നല്‍കി. കൊല്ലത്ത് ദേശീയപാതയില്‍ ഒരു ചെറിയഭാഗം പരസ്പരം ബന്ധിപ്പിക്കാനാവാതിരുന്നത് 40 കൊല്ലമാണ്.

മോദിഭരണത്തിലാണ് ആ ചെറിയഭാഗം പൂര്‍ത്തീകരിച്ചത്.കടമെടുക്കല്‍പരിധി ഉയര്‍ത്താന്‍ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കോടതി പറഞ്ഞത് സംസ്ഥാനം നിയന്ത്രണമില്ലാതെയുണ്ടാക്കിയ സാമ്പത്തികദുരന്തത്തിന് കേന്ദ്രത്തിന് ബാധ്യതയില്ലെന്നാണ്.

കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് സിഎജി 2024ലിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2022-23-കാലത്ത് 97.88 ശതമാനം കടമെടുപ്പും നേരത്തേയുള്ള കടം വീട്ടാനാണെന്നാണ്. 2023-24-കാലത്ത് കേരളത്തിന് അനുവദിച്ച 94,649 കോടി രൂപ ശമ്പളം, പലിശ, പെന്‍ഷന്‍ എന്നിവ നല്‍കാനാണ്. വരുമാനത്തിന്റെ 74 ശതമാനം വരുമിത്.

LEAVE A REPLY

Please enter your comment!
Please enter your name here