ആക്ടിവിസ്റ്റ് രഹന ഫാത്തിമ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ തുടർനടപടികൾ നിർത്തിവെച്ചിരിക്കുന്നതായി പൊലീസ്. 2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹ്ന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹ്ന ഫാത്തിമ ചിത്രം പങ്കുവെച്ചത് എന്നാണ് രാധാകൃഷ്ണ മേനോൻ്റെ പരാതി.