ബെംഗളൂരു: 48 എംഎല്‍എമാരെ ലക്ഷ്യമിട്ട് സ്വന്തം പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ‘ഹണി ട്രാപ്പ്’ നീക്കം നടന്നുവെന്ന ആരോപണം കർണാടക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 48 എം എല്‍ എമാരെ ഹണി ട്രാപ്പില്‍ കുടുക്കിയിട്ടുണ്ടെന്ന കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണയുടെ ആരോപണത്തോടെയാണ് വിവാദം ആളിക്കത്തിത്തുടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിയമസഭാംഗങ്ങളെ ആരോ ഹണി ട്രാപ്പില്‍ കുടുക്കിയിട്ടുണ്ടെന്ന് ബി ജെ പി നേതാവും എം എല്‍ എയുമായ ബസന്‍ഗൗഡ പാട്ടീല്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്
മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും “ഉന്നതതല അന്വേഷണം” നടത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും കെ എന്‍ രാജണ്ണയോ മറ്റ് നേതാക്കളോ ഇതുവരെ വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ല. തുടക്കത്തില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ഇടയിലുള്ള പതിവ് ആരോപണ പ്രത്യാരോപണങ്ങള്‍ മാത്രമായിട്ടാണ് പലരും ഇതിന് കണ്ടെതെങ്കിലും പിന്നീട് കോണ്‍ഗ്രസിനുള്ളിലെ അധികാര വടംവലിയുടെ സൂചനകളിലേക്കും ഹണി ട്രാപ്പ് ആരോപണം കടന്നിരിക്കുകയാണ്.
ജനതാദളിന്റെ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് കെന്‍ രാജണ്ണ. നിലവിലെ കർണ്ണാട രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിക്ക് ഉറച്ച പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഒരാളുമാണ് അദ്ദേഹം. പട്ടികവർഗ നായക് സമുദായത്തിൽപ്പെട്ട സഹകരണ മന്ത്രി, സിദ്ധരാമയ്യയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഡി കെ ശിവകുമാറിന്റെ ഏറ്റവും കടുത്ത വിമർശകകന്‍ കൂടിയായാണ്.
“ഒരു നേതാവ്, ഒരു പദവി” എന്ന പാർട്ടിയുടെ നയം ഉണ്ടായിരുന്നിട്ടും ശിവകുമാർ ഒന്നിലധികം സ്ഥാനങ്ങൾ വഹിക്കുന്നതിനെതിരെ കെഎന്‍ രാജണ്ണ അടുത്തിടെ കോൺഗ്രസ് ദേശീയ നേതൃത്വതിന് മുമ്പാകെ പരാതി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള കോൺഗ്രസ് മന്ത്രിമാരുടെ സംഘത്തിലെ പ്രധാനിയായിട്ടും അദ്ദേഹത്തെ കണക്കാക്കുന്നു. പാർട്ടിയിലെ ഡികെ ശിവകുമാറിന്റെ ആധിപത്യത്തെ സ്ഥിരമായി ചോദ്യം ചെയ്യുന്ന പട്ടികവർഗ നേതാവായ സതീഷ് ജാർക്കിഹോളി; പട്ടികജാതി (എസ്‌സി) സമുദായത്തിൽ നിന്നുള്ള ജി പരമേശ്വര, എച്ച്‌സി മഹാദേവപ്പ എന്നിവരുമായി രാജണ്ണ പതിവായി കൂടിക്കാഴ്ചകള്‍ നടത്താറുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനം മോഹികളില്‍ ഒരാളായ ജി പരമേശ്വരയ്ക്ക് സ്വർണ്ണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്ത ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾക്കിടെയാണ് രാജണ്ണയുടെ ഹണിട്രാപ് ആരോപണം വരുന്നത് എന്നതും ശ്രദ്ധേയമാണ്. സിദ്ധരാമയ്യെ മാറ്റുകയാണെങ്കില്‍ ജി പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കാനുള്ള ഡികെ ശിവകുമാറിന്റെ നീക്കമാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍ മറുതന്ത്രം എന്ന നിലയില്‍ വീശിയതാകാം ഹണിട്രാപ് ആരോപണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
രാജണ്ണയുടെ ആരോപണം പ്രത്യക്ഷമായി ഡികെ ശിവകുമാറുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ലെങ്കിലും ഉപമുഖ്യമന്ത്രി നേരത്തേയും ഇത്തരം നീക്കങ്ങള്‍ നടത്തിയതായുള്ള ആരോപണങ്ങളുണ്ടായിരുന്നു. 2021 ല്‍ അന്നത്തെ ബി ജെ പി മന്ത്രി രമേശ് ജാർക്കിഹോളിയുടെ രാജിക്ക് ഇടയാക്കിയ ഹണിട്രാപ്പുമായി ഡികെ ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ബലാത്സംഗ ആരോപണങ്ങൾ തെറ്റാണെന്നും ഇതിന് പിന്നില്‍ ഒരു സംഘം ഉണ്ടെന്ന സൂചന ലഭിക്കുകയും ചെയ്തിരുന്നു. “ഞാൻ അദ്ദേഹത്തോട് പാന്റ് ഊരാൻ ആവശ്യപ്പെട്ടോ?” എന്നായിരുന്നു ഈ സംഭവത്തില്‍ തനിക്കെതിരെ നീണ്ട ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ഡികെ ശിവകുമാർ അന്ന് ചോദിച്ചത്. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിൽ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ അറിയാനുള്ള പതിവ് സന്ദശനമാണെന്ന് ഖാർഗെ പിന്നീട് വിശദീകരിച്ചെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ചർച്ചയായെന്നാണ് സൂചന.