ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് : ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

0
57

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങളുടെ ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ സംസ്ഥാന പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍, ജനമൈത്രി സുരക്ഷാപദ്ധതി എന്നിവയിലൂടെ ആവശ്യമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ അറിയിച്ചു.

സാമൂഹികമായി വളരെ പ്രാധാന്യമുള്ള വിഷയമാണിത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, നമുക്കെല്ലാം ഇന്നത്തെ സമൂഹത്തില്‍ ഒഴിച്ചുകൂടാനാകാത്ത മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവിധ രീതിയില്‍ നടക്കുന്ന ചതിക്കുഴികള്‍. അത് പൂര്‍ണ്ണമായും മനസ്സിലാക്കത്തക്ക ബോധവത്ക്കരണം അടിയന്തിരമാണ് എന്നാണ് ഇതൊക്കെ കാണിക്കുന്നത്. ധാരാളം ആളുകള്‍ വലിയ തോതില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വായ്പ എടുത്ത് ചതിക്കുഴിയില്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമല്ലാതെയും, മണി ലെന്‍ഡേഴ്സ് ആക്റ്റിന് വിരുദ്ധമായും മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

ഇത്തരം തട്ടിപ്പ് കേസുകളില്‍ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്തുന്നതിനായി 19 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിന് പുറമെ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകേസുകളുടെ കുറ്റാന്വേഷണങ്ങളില്‍ സഹായിക്കുവാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ഹൈടെക് എന്‍ക്വയറി സെല്ലും പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here