ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തിൽ മിന്നുംപ്രകടനം കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി കളിക്കാനെത്തിയ വിഘ്‌നേഷ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ റിതുരാജ് ഗെയ്ക്‌വാദിനെയും ശിവം ദുബെയേയും ദീപക് ഹൂഡയേയും വീഴ്ത്തി മലയാളികളുടെ അഭിമാനമായി മാറി. നാലോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയാണ് ഇടംകൈയ്യന്‍ സ്പിന്നറായ വിഘ്‌നേഷ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചത്.
മലപ്പുറം സ്വദേശിയായ വിഘ്‌നേഷ് ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് ക്രിക്കറ്റിലേക്ക് എത്തുന്നത്. വിഘ്‌നേഷിന്റെ അച്ഛന്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ വീട്ടമ്മയാണ്. 2025ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ സ്വന്തമാക്കിയത്. സംസ്ഥാന സീനിയര്‍ ടീമിന് വേണ്ടി പോലും കളിക്കാത്ത താരമാണ് വിഘ്‌നേഷ്. അണ്ടര്‍-14 , അണ്ടര്‍-19 മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനുവേണ്ടി വിഘ്‌നേഷ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും വിഘ്‌നേഷ് തന്റെ കഴിവ് തെളിയിച്ചു.