വണ്ടിപ്പെരിയാറില്‍ നിന്ന് പിടികൂടിയ കടുവ ചത്തു;

0
47

ഇടുക്കി വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്ന് പിടികൂടിയ കടുവ ചത്തു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ത്തിരുന്നു. മയക്ക്‌വെടി വെച്ച കടുവയ്ക്കടുത്തേക്ക് എത്തിയ വനംവകുപ്പ് സംഘത്തിന് നേരെ കടുവ ചാടിയടുക്കുകയായിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനം വകുപ്പ് സംഘം മൂന്ന് തവണ വെടിയുതിര്‍ക്കുകയും ചെയ്തു.

ആദ്യത്തെ തവണ മയക്കുവെടി വച്ചതിന് ശേഷം കടുവ മയങ്ങാനായി കാത്തിരുന്നു. ശേഷം രണ്ടാമതും മയക്കുവെടി വച്ചു. ഈ സമയത്താണ് കടുവ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ക്കാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

കടുവയെ പിടികൂടിയതിന് ശേഷം ദൗത്യസംഘം തേക്കടിയിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെയെത്തിയതിന് ശേഷമാണ് കടുവ ചത്തകാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഗ്രാമ്പിയിലാണ് ഈ കടുവയുണ്ടായിരുന്നത്. അവിടെ കൂടുള്‍പ്പടെ സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചിരുന്നില്ല. പിന്നീട് ഗ്രാമ്പിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം മാറിയുള്ള അരണക്കല്‍ മേഖലയിലേക്ക് കടുവ ഇന്ന് പുലര്‍ച്ചെ എത്തുകയും പ്രദേശത്ത് ഒരു പശുവിനെയും നായയെയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഡ്രോണ്‍ ഉള്‍പ്പടെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here