ഫ്രാന്‍സിസ് പാപ്പ അപകടനില തരണം ചെയ്തതായി വത്തിക്കാന്‍: പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്തുവിട്ടു

0
24

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. ഗുരുതരമായ ശ്വാസകോശസംബന്ധമായ രോഗം മൂലം റോമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാര്‍പാപ്പായുടെ ആരോഗ്യത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പാപ്പ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ പാപ്പയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥകളിലാണ്.

കഴിഞ്ഞ ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14 ന് ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ഇതാദ്യമായാണ് പാപ്പയുടെ ഫോട്ടോ പുറത്തുവരുന്നത്. ആശുപത്രിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ ബലിപീഠത്തിന് മുന്നില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ‘ഇന്ന് രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു’ – ഇതായിരുന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. പാപ്പയുടെ അവസ്ഥ അറിയാനുള്ള വിശ്വാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഫോട്ടോ പുറത്തുവിട്ടത്. പ്രായത്തിന്റേതായ അവശതകളും ചെറുപ്പത്തില്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുമാണ് 88 കാരനായ പാപ്പയുടെ അവസ്ഥ സങ്കീര്‍ണമാക്കിയത്. രാത്രി വെന്റിലേറ്റര്‍ ഉപയോഗിക്കുന്നത് കുറച്ചു. എക്‌സ്-റേ പരിശോധനയില്‍ അണുബാധ കുറയുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിശ്രമവും ചികിത്സയും തുടരുന്നതിനൊപ്പം ശ്വസന സംബന്ധമായ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here