‘യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നു’; അധ്യാപകർ കൈയ്യിൽ ചൂരൽ കരുതട്ടെയെന്ന് ഹൈക്കോടതി

0
38

എറണാകുളം: സ്കൂളിൽ വിദ്യാർത്ഥികളുടെ അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ കൈയ്യിൽ ചെറിയ ചൂരൽ കരുതട്ടെയെന്ന് ഹൈക്കോടതി. സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെയുള്ള പരാതികളിൽ ഉടൻ തന്നെ കേസ് എടുക്കരുതെന്നും അതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അധ്യാപകരാണ് ഭാവി തലമുറയെ വാർത്തെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി ചെറിയൊരു ശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. അധ്യാപകർ ചൂരൽ പ്രയോ​ഗിക്കാതെ വെറുതെ കൈയ്യിൽ കരുതുന്നത് പോലും കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കും.

ഇന്നത്തെ യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുകയാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാക്കാൻ അധ്യാപകരുടെ നിഴൽ മതിയായിരുന്നു. ഇന്ന്, അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കാണാൻ കഴിയുന്നത്. ഈ രീതി ഇനി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. പരാതി ലഭിച്ച ശേഷം നടത്തുന്ന പ്രാഥമികാന്വേഷണഘട്ടത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

ആവശ്യമെങ്കിൽ നോട്ടീസ് നൽകാമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും എന്നാൽ, ന്യായീകരണമില്ലാത്ത യുക്തിരഹിതമായ പീഡനം കുട്ടികൾക്ക് മേലുണ്ടാക്കാമെന്ന് ഇതിനർഥമില്ലെന്നും കോടതി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here