Jio 5ജി ഫിക്‌സഡ് വയര്‍ലെസ്; മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ മാറും

0
24

5ജി ഫിക്‌സഡ് വയര്‍ലസ് അധിഷ്ഠിത ജിയോഫൈബര്‍ സേവനത്തില്‍ വന്‍കുതിപ്പുമായി റിലയന്‍സ് ജിയോ. കൂടുതല്‍ വീടുകളെ പദ്ധതിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഭാരതി എയര്‍ടെലിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വര്‍ധനയാണ് റിലയന്‍സ് ജിയോ രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ പാദത്തിലെ കണക്കനുസരിച്ച് 4.5 ദശലക്ഷം വീടുകള്‍ 5ജി ഫിക്‌സഡ് വയര്‍ലെസ് അധിഷ്ഠിത ജിയോഎയര്‍ ഫൈബര്‍ കണക്ഷനെടുത്തിട്ടുണ്ട്. 5ജി ഫിക്‌സഡ് വയര്‍ലെസ് കണക്ഷനില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട വീടുകളുടെ 85% ജിയോഎയര്‍ ഫൈബറാണ്, ഈ വരിക്കാരില്‍ ഏകദേശം 70% പേരും മുന്‍നിരയിലുള്ള ആയിരം പട്ടണങ്ങള്‍ക്കും നഗരങ്ങള്‍ക്കും പുറത്തുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

സിഎല്‍എസ്എ റിസര്‍ച്ച് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, വിശാലമായ സേവന ലഭ്യത ഇന്ത്യയിലുടനീളമുള്ള മുന്‍നിര നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും പുറത്തുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യകത വര്‍ധിപ്പിക്കുന്നു എന്നാണ്. 17 ദശലക്ഷം വരുന്ന ആര്‍ജിയോ ഹോം സബ്സ്‌ക്രൈബര്‍മാര്‍ ഇതിനകം തന്നെ ഭാരതി എയര്‍ടെല്ലിന്റെ 9.2 ദശലക്ഷത്തേക്കാള്‍ 90% മുന്നിലാണ്. കൂടാതെ ഇരുകമ്പനികളും ചേര്‍ന്നാണ് ഏകദേശം 60% വിപണി വിഹിതം കൈയാളുന്നത്.

ദേശീയാടിസ്ഥാനത്തില്‍ ഫിക്‌സഡ് വയര്‍ലെസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏക ടെലികോം ഓപ്പറേറ്റാണ് റിലയന്‍സ് ജിയോ. സ്വതന്ത്രമായ 5ജി സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള ജിയോയുടെ ശേഷിയാണ് ഇതിന് കാരണം. 2000ത്തോളം നഗരങ്ങളില്‍ നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ 5ജി നെറ്റ് വര്‍ക്ക് സേവനത്തിലധിഷ്ഠിതമായാണ് എയര്‍ടെല്‍ ഫിക്‌സഡ് വയര്‍ലെസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിലുള്ള 4ജി നെറ്റ് വര്‍ക്ക് ശൃംഖലകളെ ഉപയോഗപ്പെടുത്തിയുള്ള സജ്ജീകരണമാണ് നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ 5ജി നെറ്റ് വര്‍ക്ക് പോയിന്റുകള്‍.

2024 ഡിസംബര്‍ പാദത്തില്‍ രണ്ട് മില്യണ്‍ പുതിയ വീടുകളെയാണ് തങ്ങളുടെ ശൃംഖലയിലേക്ക് റിലയന്‍സ് ജിയോ കൂട്ടിച്ചേര്‍ത്തത്. ഇത് എയര്‍ടെലിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണ്.

ഫിക്‌സഡ് വയര്‍ലെസ് സേവനങ്ങളുടെ കാര്യത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വമ്പന്‍ കുതിപ്പാണ് റിലയന്‍സ് ജിയോ നടത്തിയതെന്ന് അടുത്തിടെ മോത്തിലാല്‍ ഒസ്വാള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വരും പാദങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിക്‌സഡ് വയര്‍ലെസ് സേവന ദാതാവായി റിലയന്‍സ് ജിയോ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here