പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ മറ്റൊരു ബജറ്റ്-ഫ്രണ്ട്‌ലി റീച്ചാര്‍ജ് പ്രഖ്യാപിച്ചിരിക്കുകയാണ്. 439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പരിധിയില്ലാതെ കോള്‍ വിളിക്കാനും, ഇതിനൊപ്പം എസ്എംഎസ് ആനുകൂല്യങ്ങളുമുള്ള റീച്ചാര്‍ജ് പാക്കേജാണ് കമ്പനി പരിചയപ്പെടുത്തുന്നത്.
പരിധികളോടെ സംസാരിക്കുന്നതിന് ഗുഡ്‌ബൈ പറയൂ, പരിധികളില്ലാത്ത സംഭാഷണങ്ങള്‍ക്ക് ഹലോ പറയൂ എന്ന കുറിപ്പോടെയാണ് ബിഎസ്എന്‍എല്‍ 439 രൂപയുടെ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാന്‍ ഉപയോക്താക്കളെ പരിചയപ്പെടുത്തിയിരിക്കുന്നത്.
439 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോള്‍ വിളിക്കാം എന്നതാണ് ഈ റീച്ചാര്‍ജിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമെ 300 എസ്എംഎസുകളും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. മൂന്ന് മാസം അഥവാ 90 ദിവസമാണ് ഈ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി. അതായത് ഒരു ദിവസം ഉപയോക്താക്കള്‍ക്ക് ചിലവാകുന്ന തുക 4.90 രൂപ. അതേസമയം രാജ്യത്ത് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം 75,000 സൈറ്റുകള്‍ പിന്നിട്ടു.
തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എല്‍ സ്ഥാപിക്കുന്നത്. 2025 ജൂണ്‍ മാസത്തോടെ ആകെ ഒരു ലക്ഷം 4ജി ടവറുകളാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ ലക്ഷ്യം. 4ജി വിന്യാസം പൂര്‍ത്തിയായ ഉടന്‍ 5ജിയിലേക്ക് ടവറുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി ബിഎസ്എന്‍എല്‍ ആരംഭിക്കും.