മോസ്കോ: ഉക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകളെ പ്രശംസിച്ചും നന്ദി പറഞ്ഞും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. 30 ദിവസത്തെ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തല്‍ വിഷയത്തില്‍ ഇടപെട്ട മോദി ഉള്‍പ്പെടേയുള്ള പല ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്. ഈ ലോക നേതാക്കളുടെയെല്ലാം ഇടപെടല്‍ മഹത്തായ ഒരു ദൗത്യത്തിനുവേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഒന്നാമതായി, ഉക്രെയ്ൻ വിഷയത്തില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കൻ പ്രസിഡന്റ് മിസ്റ്റർ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആരംഭിക്കുന്നു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാൻ, ഇന്ത്യയുടെ പ്രധാനമന്ത്രി, ബ്രസീൽ, ദക്ഷിണാഫ്രിക്കൻ റിപ്പബ്ലികിന്റെ പ്രസിഡന്റ് എന്നിവർക്കും ഞാന്‍ നന്ദി പറയുന്നു. അവർ ഈ വിഷയത്തിനായി ധാരാളം സമയം ചെലവഴിക്കുന്നു. സംഘർഷം മനുഷ്യരുടെ മരണങ്ങൾ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തിനായിട്ടാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്.’ റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
വെടിര്‍ത്തലിന് തയ്യാറായ ഉക്രൈനിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. വെടിനിര്‍ത്തല്‍ ദീര്‍ഘകാല സമാധാനത്തിലേക്ക് വഴിതുറന്നേക്കാം. എന്നാല്‍ ഒരു മാസത്തെ വെടിനിർത്തല്‍ സൈന്യത്തെ കരുത്തുറ്റതാക്കാൻ യുക്രൈൻ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയുണ്ട്. യുദ്ധം തുടങ്ങാൻ കാരണമായ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടണം. വെടിനിർത്തലുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ മാറ്റങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇടക്കാല വെടിനിർത്തൽ കരാറിനോടുള്ള റഷ്യയുടെ പ്രതികരണം കൃത്രിമമാണെന്നായിരുന്നു ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ പ്രതികരണം. പുടിൻ യഥാർത്ഥത്തിൽ വെടിനിർത്തൽ കരാർ നിരസിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇക്കാര്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നേരിട്ട് പറയാൻ അദ്ദേഹത്തിന് ഭയമാണ്. പുടിന്‍ ഇപ്പോഴും യുദ്ധം തുടരാനാണ് താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണ് വെടിനിർത്തൽ നിർദ്ദേശത്തിന് വ്യവസ്ഥകൾ വെച്ചിരിക്കുന്നതെന്നും ഉക്രൈന്‍ പ്രസിഡന്റ് കൂട്ടിച്ചേർത്തു