ഇടുക്കി: നെടുങ്കണ്ടത്ത് പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉടുമ്പൻചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫിസറും പാറത്തോട് ഗുണമണി വീട്ടിൽ ഡോ.വീരകിഷോറിന്റെ ഭാര്യയുമായ ഡോ. വിജയലക്ഷ്‌മിയാണ് മരിച്ചത്. 29 വയസായിരുന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഗണേശൻ-നാഗലക്ഷ്മി ദമ്പതികളുടെ മകളാണ് വിജയലക്ഷ്മി. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് വിജയലക്ഷിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച പുലർച്ചയോടെ പ്രസവത്തിൽ സങ്കീർണതയുണ്ടായി.
തുടർന്ന് വൈകിട്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അൽപസമയത്തിനുള്ളിൽ കുഞ്ഞ് മരിച്ചു. പിന്നീട് രാത്രി ഒൻപതോടെ വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി. ഇതിന് പിന്നാലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തിച്ച് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി വിജയലക്ഷ്മിയെ മാറ്റി. എന്നാൽ യാത്രാമധ്യേ പന്ത്രണ്ട് മണിയോടെ തമിഴ്‌നാട്ടിൽ വച്ച് വിജയലക്ഷ്മി മരണപ്പെടുകയായിരുന്നു.