പിസി ജോർജ് ഇന്ന് വൈകിട്ട് 6 വരെ പോലീസ് കസ്റ്റഡിയിൽ

0
45

വാർത്ത ചാനലിലെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ എടുത്ത കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കമിട്ടിരുന്നെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

കോടതി തീരുമാനത്തിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.

ഇന്ന് വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തിൽ കോടതി തീരുമാനമെടുക്കും.

രാവിലെ പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ പി.സി. ജോർജ്  ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. എവിടെയാണെന്ന കാര്യത്തിലും വ്യക്തതയില്ലായിരുന്നു.

എന്നാൽ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിൽ പിസി ജോർജ് ഇന്ന് ഹാജരാകുമെന്നും പിസി ജോർജിൻ്റെ സഹപ്രവർത്തകർ അറിയിച്ചിരുന്നു. പിസി ജോർജിൻ്റെ വീട്ടിൽ ബിജെപി ജില്ലാ നേതൃത്വവും പ്രവർ‌ത്തകരും ഉണ്ട്.

ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

സംഭവത്തിൽ കഴിഞ്ഞ ദിവസം പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു.

കൂടാതെ കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here