കോയമ്പത്തൂരിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുമതി നൽകി എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ.

0
44

ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കോയമ്പത്തൂരിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് അംഗീകാരം. ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിക്ക് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) അനുമതി (എൻഒസി). കോയമ്പത്തൂർ ജില്ലയിലെ ഒണ്ടിപ്പുതൂരിലാണ് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് തമിഴ്നാട് ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ആലോചിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് എഎഐ അംഗീകാരം നൽകിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. ജയിൽ വകുപ്പിൻ്റെ കൈവശമുള്ള 20 ഏക്കർ ഭൂമിയിലാകും ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുക.

വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമമായിക്കഴിഞ്ഞാൽ സ്റ്റേഡിയത്തിന്റെ വികസനത്തിനായി ഏകദേശം 198 ഏക്കർ അനുവദിക്കും. കൂറ്റൻ പാർക്കിങ് ഗ്രൗണ്ട് സ്റ്റേഡിയത്തോട് ചേർന്ന് സ്ഥാപിക്കും. ഇതിനായി എട്ട് ഏക്കർ ഭൂമിയാണ് നീക്കിവച്ചിരിക്കുന്നത്. നിർദിഷ്ട പദ്ധതി പ്രദേശത്തിന് സമീപത്ത് കൂടിയാണ് സേലത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത 544 കടന്നുപോകുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാൾ വലിയ സ്റ്റേഡിയമാകും ഒണ്ടിപ്പുതൂരിൽ ഉയരുകയെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സ്റ്റേഡിയത്തിൻ്റെ വലുപ്പമല്ല, കളിക്കാർക്കും കാണികൾക്കും നൽകാൻ സാധിക്കുന്ന ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് പരിഗണന നൽകുകയെന്നാണ് അധികൃതർ നൽകുന്ന വിവരം.ഓസ്‌ട്രേലിയയിലെയും ദക്ഷിണാഫ്രിക്കയിലെയും സ്റ്റേഡിയങ്ങൾക്ക് സമാനമായി കാഴ്ചക്കാർക്കും കളിക്കാർക്കും ലോകോത്തര അനുഭവം പ്രദാനം ചെയ്യുന്ന ആധുനിക സൗകര്യം വികസിപ്പിക്കുന്നതിനാണ് അധികൃതർ പരിഗണന നൽകുന്നത്. ജിംനേഷ്യം, സ്പാ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ കാഴ്ചാനുഭവം, ഇൻഡോർ നെറ്റ്, ഫീൽഡിങ് പ്രാക്ടീസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തും.

30,000 മുതൽ 40,000 വരെ കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്നതായിരിക്കും ഒണ്ടിപ്പുതൂരിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമെന്നാണ് റിപ്പോർട്ടെങ്കിലും അധികൃതർ സ്ഥിരീകരണം നൽകിയിട്ടില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് 1,32,000 കാണികളെ ഉൾക്കൊള്ളാൻ സാധിക്കും. ഈ സ്റ്റേഡിയത്തേക്കാൾ വലുതാകും കോയമ്പത്തൂരിലെ സ്റ്റേഡിയമെന്ന അഭ്യൂഹം പദ്ധതി പ്രഖ്യാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായിരുന്നു.

സീറ്റുകളുടെ എണ്ണത്തിൽ തീരുമാനമുണ്ടായ ശേഷമാകും സ്റ്റേഡിയത്തിൻ്റെ വലുപ്പം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തിരുമാനമുണ്ടാകുക. തമിഴ്നാട്ടിലെ വ്യവസായിക വളർച്ചയിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് കോയമ്പത്തൂർ. മെട്രോ പദ്ധതി ഉൾപ്പെടെയുള്ള വൻ കിട പദ്ധതികൾ കോയമ്പത്തൂരിലേക്ക് എത്തുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാകാനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here