ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളും ചൊവ്വയും അവധി; സ്കൂളുകൾ വിശദമായി അറിയാം

0
40

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും അവധിയാണ്. അതാത് ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 13 ജില്ലകളിലെ 30 തദ്ദേശ വാർഡുകളിലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് അവധി. നിലവിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഏതാനം വിദ്യാലയങ്ങൾക്കാണ് അവധി. കളക്ടറുടെ അറിയിപ്പ് വായിക്കാം.

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം എന്നിവയുടെ പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ സൺ സകൂൾ, കാവാലം, മിത്രക്കരി ഈസ്റ്റ് എൽപിഎസ് എന്നിവയ്ക്ക് ഫെബ്രുവരി 23,24 തീയതികളിലും കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ് നിയോജകമണ്ഡലം, മുട്ടാർ ഗ്രാമപഞ്ചായത്ത് 03 -മിത്രക്കരി ഈസ്റ്റ് വാർഡ് നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ / അർദ്ധ സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന 24 (തിങ്കളാഴ്ചയും) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവിട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഫെബ്രുവരി 24 ന് മൂവാറ്റുപുഴ നഗരസഭ 13-ാം വാർഡിലെ സർക്കാർ, അർധ സർക്കാർ, തദ്ദേശ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് നിയമാനുസൃത സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാർഡിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 24 ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാന്തോപ്പ് വാർഡിൽ തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ ദിവസമായ ചൊവ്വാഴ്ചയും വാർഡിന്റെ പരിധിക്കുള്ളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി , പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന ഫെബ്രുവരി 24 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23, 24 എന്നീ തീയതികളിലും , വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 25നു൦ അവധിയാണ്.

കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിങ് സ്‌റ്റേഷനുകളായ പുള്ളിയിൽ ദേവദാർ സ്‌കൂൾ, അമ്പലപ്പടി ഫസലെ ഉമർ പബ്ലിക് സ്‌കൂൾ, എടക്കുളം ജിഎൽപി സ്‌കൂൾ എന്നിവയ്ക്ക് ഫെബ്രുവരി 23നും 24നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 24ന് അവധിയാണ്. അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമപുരം ഗ്രാമപഞ്ചായത്തിലെ ജിവി സ്‌കൂൾ വാർഡിൻ്റെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 24ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യുപി സ്‌കൂളിന് ഫെബ്രുവരി 23, 24 തീയതികളിൽ അവധിയായിരിക്കും. ജിവി സ്‌കൂൾ വാർഡിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിച്ചു നൽകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലും കളക്ടർ കഴിഞ്ഞദിവസം അവധി പ്രഖ്യാപിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെൻ്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടിയ്ക്കും, കൊട്ടാരക്കര ഗവ. വിഎച്ച്എസ്എസ് ആൻഡ് എച്ച്എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്എസ്എസ് എന്നിവയ്ക്കും വോട്ടിങ്, കൗണ്ടിങ് ദിനങ്ങളായ ഫെബ്രുവരി 24, 25 തീയതികളില്‍ അവധിയാണ്. മറ്റു പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മാത്രമാണ് അവധിയെന്ന് കളക്ടർ അറിയിച്ചു.

ഫെബ്രുവരി 24 തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാടിലെ ‌സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേദിവസം കണ്ണൂർ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുക. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ തദ്ദേശ വാർഡുകളിലും തെരഞ്ഞെടുപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here