‘അള്‍ട്രാ’ പ്രൊസ്സസ്ഡ് ഫുഡിന് ‘എക്‌സ്ട്രാ’ നികുതി

0
49

വിവിധ ഫ്‌ളേവറുകളിലുള്ള മസാലകളോടെ, വിവിധ നിറങ്ങളില്‍, അല്ലെങ്കില്‍ ആസക്തിയുണ്ടാക്കുന്ന മധുരങ്ങളില്‍, ആകര്‍ഷകമായ പാക്കറ്റുകളില്‍ കടകള്‍ക്ക് പുറത്ത് നമ്മളെ നോക്കിക്കൊതിപ്പിക്കുന്ന അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ വാങ്ങാന്‍ തോന്നുന്നതിന് പിന്നില്‍ പണത്തിന്റെ ഒരു മനശാസ്ത്രം കൂടിയുണ്ടോ? തീര്‍ച്ചയായും ഉണ്ട്. നിസ്സാര പൈസയ്ക്ക് പോക്കറ്റ് കീറാതെ തന്നെ ഈ കൊച്ചുപാക്കറ്റുകള്‍ വാങ്ങി കൊതിയടക്കാം. ഇത്തരം ഭക്ഷണങ്ങള്‍ എല്ലായിടത്തുമുണ്ട്. ഏത് മാടക്കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലുമുണ്ട്. ചിപ്പ്‌സും ബര്‍ഗറും ജ്യൂസും സോഡയുമൊക്കെ കോംബോ ഓഫറായി കൂടുതല്‍ ലാഭത്തിലും കിട്ടും. ഏത് ബസിലിരുന്നും ബസ് സ്റ്റാന്റിലിരുന്നും ലാപ്‌ടോപ്പിന് മുന്നിലിരുന്നും സിനിമാക്കൊട്ടകയിലിരുന്നുമൊക്കെ ഇവ കഴിയ്ക്കാം. കുറഞ്ഞ ചെലവില്‍ നാവിന് കുറച്ച് ആഡംബര രുചികള്‍ നുണയാന്‍ നല്‍കാം. ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിഞ്ഞിട്ടുകൂടി ഇവ വാങ്ങിപ്പോകുന്നത് ഈ ‘പണ മനശാസ്ത്രം’ കൊണ്ട് തന്നെയാണെന്ന് അടിവരയിടുകയാണ് ഇന്ന് പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. അള്‍ട്രാ പ്രൊസ്സസ്ഡ് ജ്വരത്തെ പിടിച്ചുനിര്‍ത്താന്‍ പണത്തിന്റെ വഴിയില്‍ക്കൂടിയും ഒന്ന് ശ്രമിക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അള്‍ട്രാ പ്രൊസസ്സ് ഭക്ഷണങ്ങളുടെ നികുതി കുത്തനെ ഉയര്‍ത്തിയും ഭക്ഷ്യസുരക്ഷാ അതോരിറ്റിയുടെ പരിശോധനകള്‍ കര്‍ശനമാക്കിയും ഹെല്‍ത്ത് ടാക്‌സ് എന്ന് വിളിക്കാവുന്ന നികുതി ആവിഷ്‌കരിച്ചും ആരോഗ്യപ്രദമല്ലാത്ത ഭക്ഷണങ്ങളെ ആരോഗ്യതരമെന്ന തരത്തില്‍ പരസ്യം ചെയ്യുന്നത് വിലക്കിയും ഈ ഭക്ഷണ സംസ്‌കാരത്തെ നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന ഇന്ത്യയില്‍ 2006ല്‍ ഏകദേശം 900 മില്യണ്‍ ഡോളറായിരുന്നെങ്കില്‍ 2019ല്‍ ഇത് 37.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

ഗ്രാമപ്രദേശങ്ങളിലെ ഒരു ശരാശരി കുടുംബത്തിന്റെ ബജറ്റിന്റെ 9.6 ശതമാനവും നഗരപ്രദേശത്തിലെ ഒരു വീട്ടിലെ ബജറ്റിന്റെ 10.64 ശതമാനവും ഇത്തരം അള്‍ട്രാപ്രൊസസ്സ്ഡ് ഭക്ഷണങ്ങള്‍ വാങ്ങാനായി വിനിയോഗിക്കുന്നതായി 2022-23ലെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വെ( HCES) സൂചിപ്പിക്കുന്നു.

അള്‍ട്രാ പ്രൊസസ്സ്ഡ് ആയ ഭക്ഷണങ്ങളുടെ നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഇതുകൂടാതെ അള്‍ട്രാ പ്രൊസ്സസ് ഭക്ഷണങ്ങളെ ഉയര്‍ന്ന പോഷകമൂല്യമുള്ള ഭക്ഷണമെന്ന രീതിയില്‍ പരസ്യം ചെയ്യുന്നവര്‍ക്കും അമിത നികുതി ഈടാക്കും. അള്‍ട്രാ പ്രൊസ്സസ്ഡ് ആയ ചില ജ്യൂസുകള്‍, ബ്രേക്ക്ഫാസ്റ്റ് സീരിയല്‍സ്, മാള്‍ട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, കുക്കികള്‍ മുതലായവ വളരെ പോഷകമൂല്യമുള്ളതാണെന്ന തരത്തിലാണ് പലപ്പോഴും പരസ്യം ചെയ്യാറുള്ളത്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി കൂട്ടും. 18 വയസില്‍ താഴെയുള്ളവരെ ആകര്‍ഷിക്കുന്ന തരത്തില്‍ പരസ്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ അവയില്‍ ഉപയോഗിച്ച എണ്ണ, പഞ്ചസാര, ഉപ്പ് മുതലായവയുടെ അളവുകള്‍ കൃത്യമായിരിക്കണമെന്നും ഇവ അനുവദനീയമായ പരിധി ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ട വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here