ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

0
41

ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രേം ലതയെ പരാജയപ്പെടുത്തി ബി ജെ പി സ്ഥാനാര്‍ത്ഥി ഹര്‍പ്രീത് കൗര്‍ ബബ്ല വിജയിച്ചു. ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 36 സീറ്റുകളാണ് ഉള്ളത്. 17 വോട്ടിനെതിരെ 19 വോട്ടുകള്‍ നേടിയാണ് ബി ജെ പി വിജയം സ്വന്തമാക്കിയത്

മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അസംബ്ലി ഹാളില്‍ രാവിലെ 11:20 ന് ആരംഭിച്ച വോട്ടെടുപ്പ് 12:19 ന് അവസാനിച്ചു. ഹര്‍പ്രീത് കൗര്‍ ബബ്ല പുതിയ മേയറായി ചുമതലയേല്‍ക്കും. കടുത്ത മത്സരമാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഒരു വോട്ട് പോലും അസാധുവായില്ല എന്നും 36 വോട്ടുകളും പോള്‍ ചെയ്തു എന്നും പ്രിസൈഡിംഗ് പോള്‍ ഓഫീസര്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതാണ് ഫലം മാറാന്‍ കാരണമായത്.

ആം ആദ്മി- കോണ്‍ഗ്രസ് സഖ്യത്തിന് 19 കൗണ്‍സിലര്‍മാരാണ് ഉണ്ടായിരുന്നത്. ഇന്ത്യ സഖ്യം അതിന്റെ എക്സ്-ഓഫീഷ്യോ അംഗമായ പാര്‍ലമെന്റ് അംഗം മനീഷ് തിവാരിയുടെ പിന്തുണയും പ്രതീക്ഷിച്ചിരുന്നു. ഇതോടെ സഖ്യത്തിന്റെ ആകെ അംഗബലം 20 ആയി ഉയരേണ്ടതായിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഗുര്‍ബക്സ് റാവത്ത് പാര്‍ട്ടി മാറി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കൂറുമാറ്റം തടയുന്നതിനായി സഖ്യം തങ്ങളുടെ കൗണ്‍സിലര്‍മാരെ പഞ്ചാബിലെ റോപ്പര്‍ ടൗണിലെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് സമയത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ അവരുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരായി വോട്ട് ചെയ്തതോടെ ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here