സമ്പര്‍ക്ക വ്യാപനം തുടരുകയാണെങ്കിലും എറണാകുളം ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകളില്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങി. കൊച്ചി, തോപ്പുപടി, ചെല്ലാനം ഹാര്‍ബറുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാം. പശ്ചിമകൊച്ചിക്ക് പുറമേ ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് രോഗ വ്യാപനം കൂടുന്നത്.
തുടര്‍ച്ചയായ അഞ്ചാം ദിവസവും എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം നൂറില്‍ കൂടുതലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 114 പേരില്‍ 4 പേര്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവര്‍. പശ്ചിമകൊച്ചിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 14 പേരില്‍ ഒരു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. നെല്ലിക്കുഴി, ആയവനയടക്കം ജില്ലയുെട കിഴക്കന്‍ മേഖലകളിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 1391 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നത്.
ജില്ലയില്‍ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. 4391 പേരുടെ സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്കായ് ശേഖരിച്ചത്. പശ്ചിമകൊച്ചിയില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമായി. വിവിധ സ്ഥലങ്ങളിലെ സാഹചര്യം വിലയിരുത്തി വാര്‍ഡ് തലത്തിലും പ്രാദേശിക തലത്തിലും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാക്കും. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും.
തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങുന്ന ചെല്ലാനം ഹാര്‍ബറില്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്്മെന്റ് സെന്ററും എറണാകുളത്ത് തയാറായി. കറുകുറ്റി അഡ്്ലക്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഐസിയു സൗകര്യമടക്കം 200 കിടക്കകളാണ് ക്രമീകരിച്ചിരിക്കുന്നത്.