വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്ടറുമായി ഇടിച്ച് തകർന്നു. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ എയർലൈൻസിന്റെ റീജിയണൽ പാസഞ്ചർ ജെറ്റാണ് അമേരിക്കന്‍ സേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.
കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇടിയുടെ ആഘാതത്തില്‍ വിമാനം സമീപത്തെ നദിയിലേക്ക് വീണെന്നും സൂചനയുണ്ട്. വിമാനം റണ്‍വേയിലേക്ക് ഇറങ്ങിയതായുള്ള വിവരങ്ങളൊന്നുമില്ല. തങ്ങളുടെ ഹെലികോപ്റ്ററുകളിലൊന്നാണ് അപകടത്തിൽ ഉൾപ്പെട്ടതെന്ന് യുഎസ് ആർമി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനം കൂട്ടിയിടിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നാലെ വിമാനവും ഹെലികോപ്റ്ററും അഗ്നിഗോളം പോലെ കത്തിയെരിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും രക്ഷാപ്രവർത്തനം ഊർജ്ജിതമായ രീതിയില്‍ തുടരുകയാണെന്നും വൈസ് പ്രസിഡന്‍റ് ജെഡി വാന്‍സ് വ്യക്തമാക്കി.
വിമാനത്താവളത്തോട് ചേർന്ന് കിടക്കുന്ന പൊട്ടോമാക് നദിയിൽ ഒന്നിലധികം ഏജൻസികൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസും അറിയിച്ചു. വിമാന അപകടത്തിന്റെ റീഗൻ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും താല്‍ക്കാലികമായി നിർത്തിവച്ചതായി ബുധനാഴ്ച വൈകിട്ടോടെ വിമാനത്താവള അധികൃതർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ സുഡാനിലെ വിമാനത്താവളത്തില്‍ നിന്നും 500 മീറ്റർ അകലെയാണ് വിമാം തകർന്ന് വീണത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരണപ്പെട്ട മറ്റുള്ളവരില്‍ 16 പേർ സുഡാന്‍ സ്വദേശികളും രണ്ടുപേർ ചൈനക്കാരുമാണ്.
അപകടത്തില്‍ മരിച്ചവരെല്ലാം ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ്. ജീവനക്കാരെ കൊണ്ടുപോകാനായി ചാർട്ടർ ചെയ്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എഞ്ചിന്‍ തകരാർ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെട്ട തെക്കൻ സുഡാൻ സ്വദേശിയായ എഞ്ചിനീയറയെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.