ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുവരുന്ന മഹാ കുംഭമേളയില്‍ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കായിക താരങ്ങളുമെല്ലാം പങ്കെടുക്കുന്നത് വലിയ വാര്‍ത്തപ്രാധാന്യം നേടുകയാണ്. ഇപ്പോള്‍ ഇതാ ഇതിഹാസ ബോക്‌സിങ് താരം മേരി കോം പ്രയാഗ്‌രാജിലെത്തി കംഭമേളയില്‍ പങ്കെടുത്തതിന്റെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ജനുവരി 26 ന് എത്തിയ മേരി കോം ഗംഗയില്‍ പുണ്യസ്‌നാനം നടത്തി. അവര്‍ നദിയില്‍ ഉല്ലസിക്കുന്നതിന്റെയും ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പോസ് ചെയ്യുന്നതിന്റെയും ബോക്‌സിംഗ് ആക്ഷന്‍ കാണിക്കുന്നതിന്റെയും അടക്കമുള്ള വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹിന്ദു- ക്രിസ്ത്യന്‍ ഐക്യത്തെക്കുറിച്ച് മേരി കോം മാധ്യമപ്രവര്‍ത്തകരോടായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.
ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളെ അഭിനന്ദിച്ച മേരികോം ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. തീര്‍ത്ഥാടനം ലോകോത്തരമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വീഡിയോയില്‍ അവര്‍ നന്ദി പറയുന്നുണ്ട്.
”ഒരു ക്രിസ്ത്യാനി ആണെങ്കിലും ഞാന്‍ ഈ പരിപാടിയെ പിന്തുണയ്ക്കാനാണ് വന്നത്. ഇതൊരു നല്ല അനുഭവമായിരുന്നു. ക്രമീകരണങ്ങള്‍ വളരെ മികച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത് ഒരു ലോകോത്തര തീര്‍ത്ഥാടനമാക്കി മാറ്റി.”-താരം പറഞ്ഞു.