‘പാഠപുസ്തക വിതരണം സ്‌കൂൾ തുറക്കുന്നതിന് മുമ്പേ പൂർത്തിയാക്കും, SSLC ഫലം ജൂൺ 15ന്’ 

0
63

കോഴിക്കോട്: ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് മുഴുവൻ പാഠ പുസ്തകങ്ങളും വിദ്യാർഥികളുടെ കൈകളിലെത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിനായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളിലെ ഉച്ചഭക്ഷണം മെച്ചപ്പെടുത്തുമെന്നും സ്കൂളുകൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ വികസനത്തിന് സർക്കാർ ഊന്നൽ നൽകുമെന്നും പൂർവ്വ വിദ്യാർഥി സംഘടനകൾക്ക് സർക്കാർ അംഗീകാരം നൽകുകയും പി.ടി.എ യുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ കളിസ്ഥലങ്ങളിൽ കെട്ടിട നിർമ്മാണം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ടിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരിയായ ഉത്തരം എഴുതിയ എല്ലാവർക്കും മാർക്ക് ലഭിക്കും. വാരിക്കോരി മാർക്ക് നൽകില്ല എന്നതാണ് സർക്കാർ നയമെന്നും ശിവൻകുട്ടി പറഞ്ഞു. നോട്ടീസോ അറിയിപ്പോ തരാതെ ഉത്തരക്കടലാസ് മൂല്യനിർണയം പോലെയുള്ള ജോലികളിൽനിന്ന് അധ്യാപകർ പെട്ടെന്ന് മാറിനിൽക്കുന്നതിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here