തിരുവനന്തപുരം: നാളകേര ഉൽപാദനത്തിൽ കേരളത്തെ കടത്തിവെട്ടി കർണാടകത്തിന്റെ കുതിപ്പ്. രാജ്യത്തെ ഏറ്റവും ഉയർന്ന നാളികേര ഉൽപാദകരായി കർണാടക സംസ്ഥാനം മാറി. രാജ്യത്തെ നാളികേര ഉൽപാദനത്തിൽ 28.5 ശതമാനമാണ് കർണാടകത്തിൻ്റെ സംഭാവന. കേന്ദ്ര നാളികേര വികസന ബോർഡിൻ്റെ 2022-23, 2023-24 കാലയളവിലെ നാളികേര ഉൽപാദന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മുതൽ കേരളമായിരുന്നു ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാളികേര ഉൽപാദകർ.
കേന്ദ്ര നാളികേര വികസന ബോർഡിൻ്റെ രേഖകൾ പ്രകാരം, 2022-23 കാലയളവിൽ കേരളം 563 കോടി നാളികേരം ഉൽപാദിപ്പിച്ചപ്പോൾ, കർണാടക 595 കോടി നാളികേരം ഉൽപാദിപ്പിച്ച് മുന്നേറ്റം നടത്തി. അതേസമയം 2021-22 കാലയളവിൽ 552 കോടി നാളികേരം ഉൽപാദിപ്പിച്ചായിരുന്നു കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. ഇക്കാലയളവിൽ കർണാടക 518 കോടി നാളികേരമാണ് ഉൽപാദിപ്പിച്ചത്.
2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലെ വിവരങ്ങളും കേന്ദ്ര നാളികേര വികസന ബോർഡ് പുറത്തുവിട്ടിട്ടുണ്ട്. ഇക്കാലയളവിൽ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കർണാടക 726 കോടി നാളികേരം ഉൽപാദിപ്പിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ തമിഴ്നാട് 578 കോടി നാളികേരം ഉൽപാദിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് 564 കോടി നാളികേരമാണ് ആദ്യ രണ്ട് പാദങ്ങളിൽ ഉൽപാദിപ്പിക്കാൻ കഴിഞ്ഞത്. അതേസമയം 2023-24 സാമ്പത്തിക വർഷത്തിലെ വാർഷിക രേഖ കേന്ദ്ര നാളികേര വികസന ബോർഡ് പ്രസിദ്ധീകരിച്ചിട്ടില്ല.
‘വീക്കെൻഡ് ഫാമിങ്’ ആണ് കർണാടകത്തിൻ്റെ മുന്നേറ്റത്തിന് പിന്നിലെന്നാണ് കേന്ദ്ര നാളികേര വികസന ബോർഡിൻ്റെ വിലയിരുത്തൽ. തുംകൂരു, ഹാസൻ, മാണ്ഡ്യ എന്നീ ജില്ലകളാണ് കർണാടകത്തിലെ നാളികേര ഉൽപാദനത്തിൽ 80 ശതമാനം സംഭാവന ചെയ്യുന്നതെന്ന് കേന്ദ്ര നാളികേര വികസന ബോർഡിലെ ചീഫ് നാളികേര വികസന ഓഫീസർ ഹനുമന്ത ഗൗഡ,കൃഷിയുടെ ഗുണമേന്മയും പുതിയ തലമറ നാളികേര കൃഷിയിലേക്ക് എത്തുന്നതും കർണാടകത്തിന് നേട്ടമാകുന്നുണ്ട്. മികച്ച ശമ്പളം ലഭിക്കുന്ന ജോലിക്കിടെ യുവതലമുറ വാരാന്ത്യ ദിവസങ്ങൾ കൃഷിക്കായി നീക്കിവെക്കുന്നതാണ് കർണാടകത്തിൻ്റെ നേട്ടത്തിന് പിന്നിൽ. ശാസ്ത്രീയ കൃഷിരീതികൾ അവലമ്പിക്കുന്നതും വളപ്രയോഗവും മറ്റും നേട്ടത്തിന് പിന്നിലെ കാരണങ്ങളാണെന്ന് ഹനുമന്ത ഗൗഡ വ്യക്തമാക്കി