ന്യൂഡല്‍ഹി: 2024 ലെ വഖഫ് ഭേദഗതി ബില്‍ സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യോഗത്തിനിടെ തര്‍ക്കം. സംഭവത്തില്‍ പത്ത് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. കല്യാണ്‍ ബാനര്‍ജി, എം.ഡി. ജവൈദ്, എ രാജ, അസദുദ്ദീന്‍ ഒവൈസി, നാസിര്‍ ഹുസൈന്‍, മൊഹിബുള്ള, എം. അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീമുല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍.
യോഗത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാലിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ അവഗണിക്കുകയാണ് എന്നും ഇത് സ്വേച്ഛാധിപത്യ സമീപനത്തെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജനുവരി 30, 31 തീയതികളില്‍ യോഗം ചേരണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. പക്ഷേ ഞങ്ങളുടെ അഭ്യര്‍ത്ഥന അവഗണിച്ചു. ഇന്നലെ രാത്രി ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ യോഗത്തിന്റെ വിഷയം മാറ്റി. ആദ്യം മീറ്റിംഗ് ക്ലോസ് പ്രകാരം മുന്നോട്ട് പോകുമെന്ന് ഞങ്ങളെ അറിയിച്ചു. എന്നാല്‍ ഉള്ളില്‍ നടക്കുന്നത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെയാണ്. അത് രാഷ്ട്രീയ പ്രേരിതമാണ്,’ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളോട് ഒരു ബഹുമാനവും കാണിക്കുന്നില്ല എന്നും ജെപിസി യോഗം ഒരു പ്രഹസനമായി മാറി എന്നും കല്യാണ്‍ ബാനര്‍ജി കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷം അനാവശ്യമായി ബഹളം വെക്കുകയാണ് എന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്നും ബിജെപി എംപി നിഷികാന്ത് ദുബെ വിമര്‍ശിച്ചു. പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു.
ഇത് പിന്നീട് പാനല്‍ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി അപരാജിത സാരംഗിയും രംഗത്തെത്തി. യോഗത്തിനിടെ പ്രതിപക്ഷം തുടര്‍ച്ചയായി അരാജകത്വം സൃഷ്ടിക്കുച്ചു എന്നും പാനല്‍ മേധാവിക്കെതിരെ അണ്‍പാര്‍ലമെന്ററി ഭാഷ ഉപയോഗിച്ചു എന്നും അപരാജിത പറഞ്ഞു. തങ്ങള്‍ ഇതിനെ അപലപിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കരട് നിയമനിര്‍മ്മാണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ടത്ര സമയം നല്‍കുന്നില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചതോടെയാണ് പാര്‍ലമെന്ററി കമ്മിറ്റി യോഗം ആരംഭിച്ചത്. സമിതി വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ബിജെപി തിരക്കിട്ട ശ്രമങ്ങള്‍ നടത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. കല്യാണ്‍ ബാനര്‍ജിയും കോണ്‍ഗ്രസ് എംപി നസീര്‍ ഹുസൈനും കമ്മിറ്റിയുടെ നടപടികള്‍ പ്രഹസനം ആണെന്ന് ചൂണ്ടിക്കാട്ടി ഇറങ്ങിപ്പോകുകയായിരുന്നു