അമേരിക്കയില്‍ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് കമലാ ഹാരിസ്. ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ആഫ്രോ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ കൂടിയായിരുന്നു കമല. കഴിഞ്ഞ 231 വര്‍ഷത്തിനിടിയില്‍ ഒരു വനിത പോലും അമേരിക്കയില്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന ചീത്തപ്പേരിന് അവസാനപ്പിച്ചാണ് കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ജെറാള്‍ഡൈന്‍ ഫെരാരോ, സാറാ പാലിന്‍ എന്നിവര്‍ക്കുശേഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെ വനിതയാണ് കമലാ ഹാരിസ്.
2004ല്‍ കമല ഹാരിസ് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കമല പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.2011 മുതല്‍ 2017 വരെ കമല കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. 2016ല്‍ കമല അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കാലിഫോര്‍ണിയന്‍ പ്രൈമറികളില്‍ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ കമലയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. കമല മത്സരിക്കാനും തയാറായി. എന്നാല്‍, ആ പ്രചാരണം അധികം മുന്നോട്ട് പോയില്ല. കമല തന്റെ നോമിനേഷന്‍ പിന്‍വലിച്ചു. എന്നാല്‍ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഒരു വനിത വേണമെന്ന ജോ ബൈഡന്റെ തീരുമാനം കമലയ്ക്ക് അവസരമായി.
1964 ഒക്ടോബര്‍ 20ന് ഡോണള്‍ഡ്.ജെ.ഹാരിസിന്റെയും ശ്യാമള ഗോപാലന്റെയും മകളായി അമേരിക്കയിലെ ഒക് ലന്റിലാണ് കമലാദേവി ഹാരിസ് എന്ന കമലാ ഹാരിസിന്റെ ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെന്‍സിയില്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍വീസില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാല് മക്കളില്‍ ഒരാളായിരുന്നു ശ്യാമള. അമേരിക്കയിലെ ബെര്‍ക്ക്‌ലി കോളജില്‍ പഠിക്കാനെത്തിയ ശ്യാമള അവിടെവെച്ചാണ് ജമൈക്കക്കാരനായ ഡോണള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 2014ല്‍ അമ്ബതാമത്തെ വയസിലാണ് അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ കമലാ ഹാരിസ് വിവാഹം കഴിക്കുന്നത്.
മികച്ച വാഗ്മിയായ കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് കൈയടി നേടി. പലപ്പോഴും കടുത്ത പ്രതിരോധത്തിലായ ട്രംപ് കമലാ ഹാരിസിനെതിരെ പൊട്ടിത്തെറിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കമല ഭ്രാന്ത് പുലമ്ബുകയാണെന്നും അവര്‍ തീവ്ര കമ്യൂണിസ്റ്റുകാരിയാണെന്നുമെല്ലാമായിരുന്നു ട്രംപിന്റെ ആരോപണങ്ങള്‍. അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതിലെ വീഴ്ചയും വംശീയ വിദ്വേഷവുമെല്ലാം ഉയര്‍ത്തി കമല ട്രംപിനെതിരായ പ്രചാരണം ശക്തമാക്കുകയാണ് ചെയ്തത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന കമല, ബൈഡന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ തീവ്രതയോടെ ജനങ്ങളിലേയ്‌ക്കെത്തിച്ചു. ഇത് ബൈഡന്റെ വിജയത്തില്‍ വഹിച്ച പങ്ക് ചെറുതല്ല.