കോഴിക്കോട്: 25 കോടി രൂപ ചെലവിട്ട് അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘടാനം നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈനായിട്ടായിരിക്കും ചടങ്ങുകൾ. നേരത്തെ വടകര റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനവും പ്രധാനമന്ത്രി തന്നെയായിരുന്നു വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തത്.
അമൃത് ഭാരതി പദ്ധതിയിൽ 25 കോടി രൂപ ചെലവിലാണ് വടകര റെയിൽവേ സ്റ്റേഷൻ്റെ നവീകരണം പുരോഗമിക്കുന്നത്. 21.66 കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റേഷൻ വിപുലീകരണത്തിൽ കൂടുതൽ നിർമാണ പ്രവൃത്തി വന്നതോടെയാണ് എസ്റ്റിമേറ്റ് ഉയർന്നത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും പാർക്കിങ് സ്ഥലവും ഉൾപ്പെടെ ആദ്യ ഘട്ട പണികൾ മുഴുവൻ പൂർത്തിയായിട്ടുണ്ട്.സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയർത്തി ടൈൽ പാകുന്ന പണിയാണ് ആദ്യം പൂർത്തിയാക്കിയത്. പിന്നീട് പുതുതായി 500 ഇരിപ്പിടങ്ങളും സജ്ജമാക്കി. ശുചിമുറി ബ്ലോക്ക്, വിശ്രമ മുറി, ടിക്കറ്റ് കൗണ്ടർ, സ്റ്റേഷൻ ഓഫിസ് മുറികളുടെ നവീകരണം എന്നിവയും പൂർത്തിയാക്കി. സ്റ്റേഷൻ കെട്ടിടത്തിൻ്റെ പുറമേയുള്ള ചില പണികളും രണ്ടു ഭാഗത്തെ റോഡ് കോൺക്രീറ്റ് ചെയ്യുന്ന പണിയും മാത്രമേ ഇനി ബാക്കിയുള്ളൂ. അവയും മാർച്ചിന് മുൻപായി തീർക്കും
രണ്ടാം ഘട്ടമായി 20,000 ചതുരശ്ര അടിയുള്ള പാർക്കിങ് സ്ഥലം കൂടി വടകര റെയിവേ സ്റ്റേഷൻ്റെ വടക്കു ഭാഗത്ത് നിർമിക്കും. ആർഎംഎസ് കെട്ടിടത്തോടു ചേർന്നു പുതിയ ഓഫിസ് കോംപ്ലക്സും വരുന്നുണ്ട്. 2023 ഓഗസ്റ്റിൽ തുടങ്ങിയ പണി ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുറച്ചു നിർമാണ പ്രവൃത്തി കൂടി ചേർത്തതോടെ ഉദ്ഘാടനം മാർച്ചിലേക്ക് മാറ്റുകയായിരുന്നു.
സ്റ്റേഷൻ കെട്ടിടം കേരളീയ ശൈലിയിലാണ് മാറ്റി പണിഞ്ഞത്. ഫുട് ഓവർ ബ്രിജ്, ലിഫ്റ്റ്, എസ്കലേറ്റർ, വെയിറ്റിങ് ഏരിയ, ടൂ വീലർ, ഫോർ വീലർ പാർക്കിങ്, ലാൻഡ് സ്കേപ്പിങ്, സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, സി സി ടിവി, റസ്റ്ററന്‍റ് തുടങ്ങിയ സംവിധാനങ്ങളും വടകര റെയിവേ സ്റ്റേഷനിലൊരുങ്ങും.
സ്റ്റേഷൻ വളപ്പിൽ റോഡ് പുതുക്കി പണിയുന്നതിനു പുറമേ പോലീസ് സ്റ്റേഷൻ റോഡ് – കീർത്തി തിയറ്റർ റോഡുമായി ചേരുന്ന റോഡ് വീതി കൂട്ടുന്നുമുണ്ട്. സ്റ്റേഷനിലും പരിസരത്തും സമഗ്ര അഴുക്കുചാൽ സംവിധാനവും ഒരുക്കും. നവീകരിച്ച വടകര റെയിൽവേ സ്റ്റേഷനൊപ്പം മാഹി സ്റ്റേഷൻ്റെയും ഉദ്ഘാടനം ഓൺലൈനായിട്ട് ആയിരിക്കും നടത്തുക.