സഞ്ജു സാംസണ് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് KCA പ്രസിഡന്റ് ജയേഷ് ജോര്‍ജ്.

0
46

സഞ്ജു സാംസണ് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഉത്തരവാദിത്തമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവര്‍ത്തികളും യുവതാരങ്ങള്‍ക്ക് മാതൃകാപരമല്ലായെന്നും തോന്നുന്നതുപോലെ വന്ന് കേരള ടീമില്‍ കളിക്കാന്‍ ആകില്ല എന്നും ജയേഷ് ജോര്‍ജ് 24 നോട് പറഞ്ഞു. സഞ്ജുവിനോട് ഒരുതരത്തിലുള്ള വൈരാഗ്യവും കെ.സി.എക്ക് ഇല്ല.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്റെ ഉത്തരവാദിത്തമല്ല സഞ്ജു കാണിക്കുന്നത് എന്നാണ് കെസിഎ പറയുന്നതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.സഞ്ജുവിനെതിരെ ഒരു പരാതിയും കെസിഎ ബിസിസിഐക്ക് മുന്നില്‍ ഉന്നയിച്ചിട്ടില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ കെസിഎക്കെതിരെ ശശി തരൂര്‍ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് സഞ്ജു സാംസണെതിരെ രൂക്ഷമായ വിമര്‍ശനം കെസിഎ പ്രസിഡന്റ് ഉന്നയിച്ചത്. ഒരു ഇന്ത്യന്‍ താരത്തിന് ചേര്‍ന്ന ഉത്തരവാദിത്തത്തോടെ അല്ല സഞ്ജു പെരുമാറുന്നതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.സഞ്ജു പലതവണ അച്ചടക്കലംഘനം കാണിച്ചിട്ടും കെസിഎ കണ്ടില്ല എന്ന് നടിച്ചു. യുവതാരങ്ങള്‍ക്ക് മാതൃകയാകേണ്ട ആളാണ് സഞ്ജു സാംസണ്‍.

പലപ്പോഴും സഞ്ജു തോന്നുന്നതുപോലെയാണ് പെരുമാറുന്നത്. ഈ വര്‍ഷം കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തിനുശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന പേരില്‍ സഞ്ജു ക്യാമ്പില്‍ നിന്നും പോയി. എന്താണ് മെഡിക്കല്‍ എമര്‍ജന്‍സി എന്ന് അറിയിച്ചില്ല. അപ്പോഴും സഞ്ജുവിനെ പിന്തുണച്ചു. ടീം സെലക്ഷനു മുന്‍പ് ഡിസിസിഐ സിഇഒ വിളിച്ച് സഞ്ജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്നാണ് കെസിഎ മറുപടി നല്‍കിയത്.

അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ ടി20 ടീമില്‍ സഞ്ജു നിലവില്‍ ഉള്‍പ്പെട്ടതെന്നും കെസിഎ പ്രസിഡന്റ പറഞ്ഞു.കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് സഞ്ജുവെന്നും സഞ്ജുവിനെ എപ്പോഴും പിന്തുണയ്ക്കുമ്പോഴും കൃത്യമായ സന്ദേശമാണ് സഞ്ജുവിന് നല്‍കിയത് എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. കാര്യമറിയാതെയാണ് ശശി തരൂര്‍ പ്രതികരണം നടത്തിയതെന്നും ജയേഷ് ജോര്‍ജ് 24 നോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here