വേണ്ടിവന്നാൽ ജാമ്യം ക്യാൻസൽ ചെയ്യും! ബോബി ചെമ്മണ്ണൂരിനെ കുടഞ്ഞ് ഹൈക്കോടതി, വിശദീകരണം തേടി

0
11

ലൈം​ഗിക അധിക്ഷേപകേസിൽ ജാമ്യം ലഭിച്ചെങ്കിലും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. ജാമ്യം എങ്ങനെ ക്യാൻസൽ ചെയ്യണമെന്ന് തനിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.

കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ.  മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. വേണ്ടിവന്നാൽ താൻ ജാമ്യം ക്യാൻസൽ ചെയ്യും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു.

തനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നറിയാം. ഇന്നലത്തെ സംഭവവികാസങ്ങൾ മുഴുവൻ  ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാൻ ആണോ ശ്രമം. ഇത്തരം നടപടികൾ  അംഗീകരിക്കാൻ ആവില്ലെന്ന് കോടതി പറഞ്ഞു.

ഇന്നലെ എന്തുകൊണ്ട് പുറത്തു വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ വേണമെങ്കിൽ ഒരു മാസത്തിനകം പോലും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടാൻ തനിക്കറിയാമെന്നും കോടതി ഓർമ്മിപ്പിച്ചു.

അതേസമയം ഇന്നലെ ഉത്തരവ് ലഭിച്ചിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെ ജയിൽ മോചിതനായി. ഇന്നലെ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനെന്ന് ബോബി പ്രതികരിച്ചു.

റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങൾ കാരണം പുറത്തിറങ്ങാൻ സാധിക്കാതെ ജയിലിൽ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂർ ജാമ്യം വേണ്ടെന്ന് പറഞ്ഞത്. .

ഇത്തരത്തിൽ ജയിലിൽ കഴിയുന്ന തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിൽ തുടരുമെന്നായിരുന്നു ബോബി ചെമ്മണ്ണൂർ അറിയിച്ചത്. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും അറിയിച്ചതോടെ അഭിഭാഷകർ മടങ്ങുകയായിരുന്നു.

50000 രൂപയുടെ ബോണ്ട് രണ്ടുപേരുടെ ആൾ ജാമ്യം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണം, വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും, അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യും എന്നീ വ്യവസ്ഥകളോടെ കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചിരുന്നു.

ഇതിനിടെ .നടി ഹണി റോസിനെതിരെ ജാമ്യഹർജിയിൽ പറഞ്ഞ കാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചിരുന്നു.

ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടെ ബോബി അധിക്ഷേപം തുടരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബിയുടെ പരാമർശങ്ങളിൽ ദ്വയാര്‍ഥമില്ലെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂര്‍ പല പൊതുവേദികളിലും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു സെലിബ്രിറ്റിയാണെന്ന് പറയുന്ന ഇയാള്‍ എന്തിനാണ് ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് കോടതി ചോദിച്ചു.

കൂടാതെ ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ഥമുള്ള തരം പരാമര്‍ശങ്ങള്‍ നടത്തുന്നതും ഫലിതമെന്ന മട്ടില്‍ ലൈംഗിക ചുവയുള്ള കമന്റുകള്‍ പറയുന്നതുമായ വീഡിയോകള്‍ കോടതി പരിശോധിച്ചിട്ടുണ്ട്. നടിയുടെ പരാതിയ്ക്ക് ആസ്പദമായ പരിപാടിയില്‍ വെച്ച് ബോബി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here