യുഎഇയില്‍ കൊവിഡ് വാക്സിന്‍ 107 രാജ്യങ്ങളില്‍ നിന്നുള്ള 15,000 പേര്‍ക്ക് നല്‍കി

0
109

അബുദാബി: യുഎഇയില്‍ നിന്ന് കൊവിഡ് വാക്സിന്‍ ഇതുവരെ 107 രാജ്യങ്ങളില്‍ നിന്നുള്ള 15,000 പേര്‍ക്ക് വാക്സിന്‍ നല്‍കിയാതായി റിപ്പോർട്ട്. വെബ്സൈറ്റിലൂടെ ഇപ്പോഴും ഇതിനുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുകയുമാണ്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി എന്നിവയുടെ സഹകരണത്തോടെ ജി42 ഹെല്‍ത്ത്കെയര്‍ എന്ന സ്ഥാപനമാണ് കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിനാണ് യുഎഇയില്‍ പരീക്ഷിക്കുന്നത്. ഒരു മാസത്തിനു മുമ്പ് വാക്സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് ഇപ്പോള്‍ രണ്ടാമത്തെ ഡോസുകള്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാക്സിനെടുത്ത 15,000 പേരില്‍ 4,500 പേര്‍ സ്വദേശികളാണ്. 140 ഡോക്ടര്‍മാര്‍, 300 നഴ്‍സുമാര്‍ എന്നിങ്ങനെ തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്.

അതേസമയം പരീക്ഷണത്തിനായി വാക്സിന്‍ സ്വീകരിക്കുന്നവര്‍ 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ രാജ്യം വിടാന്‍ പാടില്ല. ഇതിന് ശേഷവും ആറ് മാസത്തേക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here