ബാങ്കിന്റെ പിഴവു മൂലം പതിനെട്ടുകാരന്റെ അക്കൗണ്ടിലെത്തിയത് 92 കോടി രൂപ;

0
55

ഒരു രാത്രി കഴിയുമ്പോഴേക്കും നിങ്ങള്‍ ഒരു കോടീശ്വരനായി മാറിയിരുന്നെങ്കില്‍ എന്ന് സ്വപ്‌നം കണ്ടിട്ടുണ്ടോ? അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരു പതിനെട്ടുകാരന്റെ കഥ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുകയാണ്. വടക്കന്‍ അയര്‍ലന്റ് സ്വദേശിയായ ഡെയ്ന്‍ ഗിലിസ്പിയ്ക്കാണ് ഈ അനുഭവം ഉണ്ടായത്. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലം ഡെയ്‌നിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 8.9 മില്യണ്‍ പൗണ്ടാണ്. അതായത് ഏകദേശം 92 കോടി രൂപ.

തന്റെ മുത്തശ്ശിയില്‍ നിന്ന് ഏകദേശം 8,900 പൗണ്ടിന്റെ( 9.18 ലക്ഷം) ചെക്ക് മാറാന്‍ എത്തിയതായിരുന്നു ഡെയ്ന്‍. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ ഡെയ്‌നിന്റെ ജീവിതത്തില്‍ സംഭവിച്ചത്. ചെക്ക് മാറിയശേഷം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കോടികള്‍ തന്റെ അക്കൗണ്ടിലെത്തിയ കാര്യം ഡെയ്‌നിന് മനസ്സിലായത്. ഡെയ്ന്‍ മാത്രമല്ല ഇദ്ദേഹത്തിന്റെ കുടുംബവും അക്കൗണ്ട് തുക കണ്ട് ഞെട്ടിപ്പോയി.

” ഞങ്ങള്‍ക്കിത് വിശ്വസിക്കാനായില്ല. കുറച്ച് മണിക്കൂറത്തേക്ക് ഒരു കോടിശ്വരനാണ് താനെന്ന് മകന്‍ വിശ്വസിച്ചു. 8.9 മില്യണ്‍ പൗണ്ടാണ് അവന്റെ അക്കൗണ്ടിലെത്തിയത്. അവന്‍ ഇക്കാര്യം ആദ്യം ഞങ്ങളോടാണ് പറയുന്നത്. ആ പണം അവന്‍ ചെലവാക്കാത്തത് നന്നായി. അവന് പതിനെട്ട് വയസ് മാത്രമെയുള്ളു. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയില്‍ നിന്ന് ലഭിച്ച ചെക്ക് മാറാനായി അവന്‍ ബാങ്കില്‍ പോയത്,” എന്ന് ഡെയ്‌നിന്റെ അമ്മ കരോളിന്‍ പറഞ്ഞു.

”ഒറ്റരാത്രികൊണ്ട് കോടീശ്വരനായി എന്ന കാര്യം വിശ്വസിക്കാന്‍ സമയമെടുത്തു. അങ്ങനെ ലഭിച്ച പണം ചെലവാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ പിന്നീട് ആ പണം ബാങ്ക് ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കേണ്ടി വരും,” കരോളിന്‍ പറഞ്ഞു. കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് കോടീശ്വരനായി ജീവിക്കാന്‍ ഡെയ്‌നിന് ഭാഗ്യം ലഭിച്ചത്. അപ്പോഴേക്കും ബാങ്ക് തങ്ങളുടെ അബദ്ധം മനസിലാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here