40 വർഷത്തിന് ശേഷം ഭോപ്പാൽ ദുരന്തത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്‌തു.

0
12

ഭോപ്പാൽ: രാജ്യത്തെ നടുക്കിയ ഭോപ്പാൽ ദുരന്തത്തിന്റെ അവശേഷിപ്പായി മേഖലയിൽ ഉണ്ടായിരുന്ന വിഷമാലിന്യങ്ങൾ നീക്കം ചെയ്‌തു. ഭോപ്പാല്‍ വാതകദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്‌ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ ലോറികളിലാണ് അപകടകരമായ വസ്‌തുക്കൾ നീക്കം ചെയ്‌തത്‌. ഇന്നലെ രാത്രിയോടെ ലോറികൾ സ്ഥലത്ത് നിന്നും മാലിന്യവുമായി യാത്ര ആരംഭിച്ചു. ഭോപ്പാലില്‍ നിന്ന് പിതാംപുരിലേക്കാണ് ഈ മാലിന്യം മാറ്റിയത്.

250 കിലോമീറ്റർ നീളമുള്ള ഗ്രീൻ കോറിഡോറിലൂടെ കനത്ത സുരക്ഷയിലാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാൻ, കണ്ടെയ്‌നറുകൾക്ക് ചുറ്റുമുള്ള 2 കിലോമീറ്റർ ചുറ്റളവിലുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചിരുന്നു. കൂടാതെ പോവുന്ന റൂട്ടിലുടനീളം സമാനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അഞ്ച് പോലീസ് വാഹനങ്ങൾ ലോറികളെ അകമ്പടി സേവിക്കാനുമുണ്ടായിരുന്നു

ഞായറാഴ്‌ച ഉച്ചയോടെയാണ് മാലിന്യം നാലുദിവസങ്ങളിലായി ചാക്കുകളിലാക്കി മാറ്റി സ്‌ഥാപന നടപടികൾ ആരംഭിച്ചത്. തുടർന്ന് ചൊവ്വാഴ്‌ച രാത്രി തുടങ്ങിയ മാലിന്യം കണ്ടെയ്‌നറുകളിൽ കയറ്റുന്ന നടപടികൾ ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ, വാഹനവ്യൂഹം പിതാംപൂരിലേക്ക് പുറപ്പെട്ടു, മാലിന്യം സുരക്ഷിതമായി കൊണ്ടുപോകുന്നത് ഉറപ്പാക്കാൻ നൂറിലധികം പോലീസുകാരെയാണ് ഭരണകൂടം വിന്യസിച്ചത്. ഓരോ കണ്ടെയ്‌നറിനും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയിട്ടുണ്ട്, കൂടാതെ വിശദമായ റൂട്ട് വിവരങ്ങൾ ജില്ലാ ഭരണകൂടവുമായും പോലീസുമായും പങ്കിടുകയും ചെയ്‌തിരുന്നു. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രത്യേക കണ്ടെയ്‌നറുകൾ നേരത്തെ തീരുമാനിക്കപ്പെട്ട ഇടങ്ങളിൽ മാത്രമേ നിർത്തുകയുള്ളൂ. ആംബുലൻസുകളും അഗ്നിശമന സേനയും ദ്രുത പ്രതികരണ സംഘവും വാഹനവ്യൂഹത്തെ അനുഗമിക്കുന്നുണ്ട്. ഓരോ കണ്ടെയ്‌നറിലും രണ്ട് ഡ്രൈവർമാരെയാണ് സജ്ജമാക്കിയത്. നാല് പതിറ്റാണ്ട് കാലത്തിന് ശേഷമാണ് ഭോപ്പാലിലെ വിഷവാതക ദുരന്തത്തിന്റെ ശേഷിപ്പുകളായ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്, അതും കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന്.

ഡിസംബർ 3നാണ് മധ്യപ്രദേശ് ഹൈക്കോടതി, വിഷ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികാരികൾക്ക് നാലാഴ്‌ചത്തെ സമയപരിധി അനുവദിച്ചത്. തുടർന്ന് ഡിസംബർ അഞ്ചിന് 337 മെട്രിക് ടൺ വിഷ മാലിന്യം സംസ്‌കരിക്കുന്നതിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭൂനിരപ്പില്‍ നിന്ന് ഏതാണ്ട് 25 അടി ഉയരത്തില്‍ പ്രത്യേകം തയ്യാറാക്കിയ ചൂളയിലാകും വിഷമാലിന്യങ്ങൾ കത്തിക്കുക. മണിക്കൂറില്‍ 90 കിലോ മാലിന്യം എന്നനിലയില്‍ ഇവിടെവെച്ച് കത്തിച്ച് നിര്‍മ്മാര്‍ജനം ചെയ്യാനാണ് നീക്കം. എന്നാൽ ഇത്രയും മാലിന്യം കത്തിച്ച് തീര്‍ക്കാന്‍ കുറഞ്ഞത് 153 ദിവസം എങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.

നാല് പതിറ്റാണ്ടുകൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1984 ഡിസംബർ 2, 3 തീയതികളിലായാണ് ഭോപ്പാൽ ദുരന്തം നടന്നത്. അമേരിക്കൻ രാസവ്യവസായ ഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഫാക്‌ടറിയിൽ ഉണ്ടായ വാതക ചോർച്ചയാണ് അപകടത്തിലേക്ക് നയിച്ചത്. 5400ലധികം പേർ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here