മുഹമ്മദ് സലയുടെ പേരില്‍ അപൂര്‍വ്വ റെക്കോര്‍ഡ്

0
15

സാധാരണഗതിയില്‍ 32 വയസ്സിന് ശേഷമുള്ള കരിയറില്‍ പല താരങ്ങളും അവരുടെ പ്രകടനങ്ങളില്‍ പിന്നോട്ട് പോകാറുണ്ട്. എന്നാല്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ പുതിയ റെക്കോര്‍ഡ് കുറിക്കുകയാണ്. അതിന് തെളിവാണ് വെസ്റ്റ് ഹാമിനെതിരായ ലിവര്‍പൂളിന്റെ മത്സരത്തില്‍ സലായുടെ പ്രകടനം. ഏകപക്ഷീയമായി ലിവര്‍പൂള്‍ 5-0 വിജയം സ്വന്തമാക്കിയ മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളും മുഹമ്മദ് സലായുടെ വകയായിരുന്നു. ഇതോടെ ജനുവരിക്ക് മുമ്പ് തന്റെ പ്രീമിയര്‍ ലീഗ് ഗോളുകള്‍ 30 ആയി ഉയര്‍ത്തി. ക്ലബ്ബുമായി കരാറിലെ തര്‍ക്കം നിലനില്‍ക്കുമ്പോഴും തന്റെ പ്രകടനത്തില്‍ പിന്നിലായിട്ടില്ല താരം. ചരിത്രത്തിലെ ഏതൊരു പ്രീമിയര്‍ ലീഗ് താരവും ആഗ്രഹിക്കുന്ന തരത്തില്‍ ഏറ്റവും മികച്ച മിനിറ്റ്-ടു-ഗോള്‍-സംഭാവന അനുപാതത്തിലെ റെക്കോര്‍ഡ് ആണ് മുഹമ്മദ് സലാ തകര്‍ത്തിരിക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളും 13 അസിസ്റ്റുകളും. 1,586 മിനിറ്റ് കളിച്ച സലാ ഈ സീസണില്‍ ഓരോ 53 മിനിറ്റിലും ഒരു ഗോള്‍ എന്ന അമ്പരപ്പിക്കുന്ന റെക്കോര്‍ഡിലേക്കാണ് എത്തിയത്.

ഈ സീസണില്‍ ഗോള്‍ നേട്ടത്തില്‍ മുഹമ്മദ് സലാ ബഹുദൂരം മുന്നിലാണ്. 18 ഗോളുകള്‍ മാത്രമുള്ള ചെല്‍സിയുടെ കോള്‍ പാമര്‍ രണ്ടാം സ്ഥാനത്തുണ്ടെന്ന് പറയുമ്പോള്‍ തന്നെ ഗോള്‍ എണ്ണത്തിലെ അന്തരം മനസിലാക്കാം. ഒരു ലീഗ് സീസണില്‍ 1000 മിനിറ്റിലധികം കളിച്ച താരങ്ങള്‍ ആഗ്രഹിക്കുന്ന എക്കാലത്തെയും മികച്ച തിരിച്ചുവരവാണ് മുഹമ്മദ് സലായുടേത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ദ അത്‌ലറ്റിക് റിപ്പോര്‍ട്ട് പ്രകാരം സലാക്ക് മുമ്പ് ആഴ്സനല്‍ താരം ഗബ്രിയേല്‍ ജീസസിന്റെ പേരിലായിരുന്നു മികച്ച മിനിറ്റ്-ടു ഗോള്‍ സംഭവന. ജീസസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കളിക്കുന്ന കാലത്ത് 2016-17 സീസണില്‍ ഓരോ 59 മിനിറ്റിലും ഒരു ഗോള്‍ എന്ന ശ്രദ്ധേയ സംഭാവന നല്‍കിയിരുന്നു. എന്നാല്‍ സലായുടെ 30 ഗോളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പത്ത് മത്സരങ്ങളില്‍ നിന്ന് ഗബ്രിയേല്‍ ജീസസ് സംഭാവന ചെയ്തത് വെറും 11 ഗോളുകളായിരുന്നു. 1998-99 ലെ സീസണില്‍ എട്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളും രണ്ട് അസിസ്റ്റുകളും നല്‍കിയ മുന്‍ എവര്‍ട്ടണ്‍ സ്ട്രൈക്കര്‍ കെവിന്‍ കാംപ്ബെല്ലാണ് ഇതുവരെയുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2022-ലെ പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡ് എട്ട് അസിസ്റ്റുകള്‍ക്ക് പുറമെ 36 ഗോളുകളും നേടിയിരുന്നു. എന്നാല്‍ ഒരോ 63.1 മിനിറ്റിലും ഒരു ഗോള്‍ എന്നതായിരുന്നു അത്.

LEAVE A REPLY

Please enter your comment!
Please enter your name here