തിരുവനന്തപുരം: ക്യൂ നിൽക്കാതെ മദ്യം വിൽക്കാൻ നിലവിലുള്ള പ്രീമിയം ഷോപ്പുകൾ കൂടാതെ ബിവറേജസ് കോർപ്പറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളും ആരംഭിക്കുന്നു.സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് ലഭ്യമാകുക. മദ്യക്കമ്പനികൾക്ക് അവരുടെ ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ സ്പോൺസർഷിപ്പിലൂടെ അവസരവും ഒരുക്കും.
ആദ്യം കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിലാണ് ആരംഭിക്കുക. കൊച്ചിയിൽ രണ്ടും തൃശ്ശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ രണ്ടു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. കോഴിക്കോട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലും ആയിരിക്കും ഷോപ്പ്. നിലവിൽ ബവ്ക്കോയുടെ 285 ഷോപ്പുകളിൽ 162 എണ്ണം പ്രീമിയം എന്ന പേരിൽ സെൽഫ് ഹെൽപ്പ് ഷോപ്പുകളാണ്.
500 രൂപയ്ക്ക് മുകളിലുള്ള മദ്യമാണ് ഇവിടെ വിൽക്കുന്നത്. പൂട്ടിപ്പോയ 68 എണ്ണം ഉൾപ്പെടെ 243 ഷോപ്പുകൾക്ക് വാടക കെട്ടിടം ലഭിക്കാത്ത സ്ഥിതിയും ഒഴിവായി. ഇതിനായി ആരംഭിച്ച പോർട്ടലിൽ 330 പേർ കെട്ടിടം വാടകയ്ക്ക് നൽകാനായി സമ്മതം അറിയിച്ചു.