തൃശൂർ(Thrissur) പാർലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി(High Court) ഇന്ന് പരിഗണിക്കും. മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി(Suresh Gopi) തൃശ്ശൂരിൽ ജയിച്ചതെന്നാണ് ഹർജിയിലെ ആരോപണം.വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ പറയുന്നു.
എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ തുക കൈമാറിയിട്ടുമുണ്ടെന്നും ബിനോയ് ഹർജിയിൽ വാദിക്കുന്നു. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഹർജി പരിഗണിക്കുക.
സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി. ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളകുട്ടി വോട്ടുചോദിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാജ്യസഭാ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍നിന്ന് ചിലര്‍ക്ക് പണം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെ രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചു.
അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. വിഎസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
കേരളത്തിലെ ഏക ബിജെപി എംപിയായി തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു. മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനുമാണ് സ്ഥാനമേറ്റത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളും ഉയർന്നിരുന്നു. ഇതോടെ സിനിമ ചെയ്യാനായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. ഒടുവിൽ ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ വിളിയെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.
നേരത്തെ തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവം വലിയ ചർച്ചയായിരുന്നു. തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസ്.
ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലൻസിലെത്തിയത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു. ആംബുലന്‍സില്‍ പൂര നഗരിയില്‍ എത്തിയത് ആദ്യം നിഷേധിച്ച സുരേഷ് ഗോപി, പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത് എന്നും എംപി പറഞ്ഞിരുന്നു. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.