മൂന്നാര്‍: മൂന്നാര്‍ പെരിയവാര പാലത്തിലൂടെ ഗതാഗതം താല്‍ക്കാലികമായി പുനസ്ഥാപിച്ചു.രണ്ടായിരത്തി പതിനെട്ട് ഓഗസ്റ്റ് പതിനഞ്ചിനാണ് ബ്രീട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ചിരുന്ന പെരിയവാരയിലെ പാലം തകര്‍ന്നത്. ഇതോടെ ഇതുവഴിയുടെ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. മറയൂരും സമീപത്തെ പെട്ടിമുടി അടക്കമുള്ള അഞ്ച് എസ്റ്റേറ്റുകളും നാളുകള്‍ ഒറ്റപ്പെട്ട് കിടന്നു. പിന്നീട് താല്‍ക്കാലികമായി ചപ്പാത്ത് പാലം നിര്‍മ്മിച്ചു. മൂന്ന് തവണ ചപ്പാത്ത് പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇതിന് ശേഷം പ്രതിഷേധവും പ്രക്ഷോഭങ്ങളും ഉണ്ടായതോടെയാണ് പി ഡബ്ല്യൂ ഡി ഫണ്ടനുവദിക്കുകയും പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തത്.
നിർമ്മാണ പ്രവർത്തനങ്ങൾ സാവധാനത്തിലാകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇ ത്തവണ മഴയെത്തിയപ്പോഴും ചപ്പാത്ത് പാലം വീണ്ടും ഒലിച്ചുപോയി. കഴിഞ്ഞ ഏഴാം തീയതി പെട്ടിമുടി ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ തിരിച്ചടിയായി മാറിയതും പാലമില്ലാത്തതായിരുന്നു. കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് തിരച്ചില്‍ സംഘം സംഭവസ്ഥലത്തെത്തിയത്. പരിക്കേറ്റവരെ പാലത്തിന്റെ അക്കരെനിന്നും എടുത്ത് ഇപ്പുറത്തെത്തിച്ച് മറ്റ് വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് ശേഷമാണ് ആംബുലന്‍സടക്കം പോകുന്നതിനായി താല്‍ക്കാലികമായി മണ്ണിട്ട് അപ്രോച്ച് റോഡ് നിര്‍മ്മിച്ച് ഗതാഗതം സാധ്യമാക്കിയത്.