സെക്രട്ടേറിയറ്റ്/ പി.എസ്.സി /ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ അസിസ്റ്റൻ്റ്/ ഓഡിറ്റർ തസ്തികയിലേക്കുള്ള മുഖ്യ പരീക്ഷയിൽ രണ്ട് പേപ്പറുകൾ ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം ഡിസംബറിൽ പി.എസ്.സി പുറത്തിറക്കും. ഇതോടൊപ്പം തന്നെ വിശദമായ പാഠ്യ പദ്ധതിയും പരീക്ഷാ പദ്ധതിയും പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് ബിരുദതല പ്രാഥമിക പൊതു പരീക്ഷ നടത്തും. പ്രാഥമിക പരീക്ഷയുടെ അർഹതാ പട്ടികയിൽ ഉൾപ്പെടുന്നവർക്കായിരിക്കും മുഖ്യ പരീക്ഷ എഴുതാൻ കഴിയുക.
100 വീതം മാർക്കുള്ള രണ്ട് പേപ്പറുകളായിരിക്കും മുഖ്യപരീക്ഷയ്ക്ക് ഉണ്ടാവുക. നിലവിലെ റാങ്ക് പട്ടിക അവസാനിക്കുന്നതിന്റെ തൊട്ടടുത്തദിവസം അടുത്തത് പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് കമ്മിഷൻ യോഗം സമയക്രമം അംഗീകരിച്ചത്.
തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ/പ്ളംബർ ( കാറ്റഗറി നമ്പർ 534/2023) സാധ്യതാ പട്ടിക തയാറാക്കാനും വിവിധ ജില്ലകളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ, ഇലക്ട്രോപ്ലേറ്റർ) തസ്തികകളുടെ ചുരുക്കപ്പട്ടിക തയാറാക്കാനും യോഗം നിർദ്ദേശം നൽകി.