കോഴിക്കോട്: കടലുണ്ടി കോട്ടക്കടവിലെ ടി എം എച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജഡോക്ടർ അറസ്റ്റിൽ. കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസിൽ വിനോദ് കുമാറിന്റെ (60) മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് ആർഎംഒ ആയിരുന്ന പത്തനംതിട്ട ചാത്തനേരി വലിയപറമ്പിൽ വീട്ടിൽ അബു എബ്രഹാം ലൂക്കിനെ (30) ഫറോക്ക് പൊലീസ് അറസ്റ്റുചെയ്തത്.
എംബിബിഎസ് പഠനം പൂർത്തിയാക്കാതെയാണ് പ്രതി ചികിത്സ നടത്തിയത്. വഞ്ചന, ആൾമാറാട്ടം, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് അസിസ്റ്റന്‌റ് കമ്മീഷണർ എ എം സിദ്ദീഖ് പറഞ്ഞു.
27ന് വിനോദ് കുമാറിന്റെ സഹോദരന്റെ ചികിത്സയ്ക്കായി വിനോദ് കുമാറിന്റെ മകനും ഡോക്ടറുമായ അശ്വിനും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിൽ അബു എബ്രഹാം ലൂക്കിന് എംബിബിഎസ് ബിരുദമില്ലെന്ന് മനസ്സിലാക്കി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അഞ്ചുവർഷമായി അബു എബ്രഹാം ഇവിടെ ആർഎംഒ ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ചില ആശുപത്രികളിൽ ജോലിചെയ്തതിന്റെ അടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ടുദിവസം അബു എബ്രഹാം ആർഎംഒ ആയി ആശുപത്രിയിൽ ജോലിചെയ്തിരുന്നുവെന്ന് ആശുപത്രി മാനേജർ പി മനോജ് പറഞ്ഞു. ഇപ്പോൾ ജോലിയിൽനിന്ന് നീക്കിയതായും അദ്ദേഹം പറഞ്ഞു.
അബു എബ്രഹാം ലൂക്ക് 2011ൽ എംബിബിഎസ് പഠനത്തിന് ചേർന്നതായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോലിക്ക് പ്രവേശിക്കുമ്പോൾ ഡോക്ടറായി എൻറോൾ ചെയ്ത രജിസ്റ്റർ നമ്പർ ആശുപത്രിക്ക് നൽകിയിരുന്നതായി മാനേജർ പറഞ്ഞു. അത് വ്യാജമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.