വെല്ലിംഗ്ടണ്‍: ദീർഘ നാളുകൾക്ക് ശേഷം ന്യൂസിലൻഡിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ലൻഡിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് ചൊവാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലൻഡിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചമുതൽ വെള്ളിയാഴ്ച അർധരാത്രി വരെയാണ് ലെവൽ 3 മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവരോടും വീടുകളിൽ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഓക്ലൻഡിൽ കോവിഡ് ബാധിച്ചവരുടെ ഉറവിടം വ്യക്തമായിട്ടില്ല. വെറും 65 ദിവസങ്ങൾ കൊണ്ടാണ് കോവിഡിനെ ന്യൂസിലൻഡ് പിടിച്ചുകെട്ടിയത്. ആദ്യത്തെ സന്പർക്കവ്യാപന കേസ് ഫെബ്രുവരി 26-നാണ് റിപ്പോർട്ട് ചെയ്തത്. ആകെ 1569 കേസുകളാണ് ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തത്. 22 പേർ മരിച്ചു. 1524 പേരും രോഗമുക്തി നേടി.